കേരള രാഷ്ടീയത്തിൽ ഇന്നും ഭേദിക്കാനാകാത്ത നിരവധി റെക്കാഡുകളുടെ നായകനായ കെ.എം.മാണി യാത്രയായിട്ട് ഒരു വർഷം. കേരള കോൺഗ്രസ് ഗ്രൂപ്പുകൾ ഈ കാലയളവിൽ പലതായി പിരിഞ്ഞു. ചിലതു ലയിച്ചു. എതിർപ്പുകളോട് ആഞ്ഞടിച്ച്, ശത്രുനിരയെ ഒതുക്കാനുള്ള മാണിയുടെ തന്ത്രം, അദ്ദേഹത്തിന്റെ വിയോഗത്തോടെ യു.ഡി.എഫ് രാഷ്ടീയത്തിലും ശക്തിയില്ലായ്മയായി തെളിഞ്ഞു നിൽക്കുന്നു.
ഓർമ്മദിനത്തിൽ ഒന്നര ലക്ഷം പേർ പങ്കെടുക്കുന്ന സ്മൃതി സംഗമം കോട്ടയത്തു നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണത്തിൽ, കാരുണ്യപ്രവർത്തനങ്ങളിലൂടെയാണ് പാർട്ടി പ്രവർത്തകർ ഓർമ്മദിനം ആചരിക്കുന്നത്. വ്യാഴാഴ്ച കെ.എം.മാണിക്കായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോ സന്ദേശം മകൻ ജോസ് കെ. മാണി പ്രവർത്തകർക്ക് അയച്ചിട്ടുണ്ട്. തൊട്ടടുത്ത വീടുകളിൽ ഭക്ഷണവും കിടപ്പുരോഗികൾക്ക് 1000 രൂപ വീതവും തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന സമൂഹ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങളും നൽകും.
പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി അടഞ്ഞു കിടക്കുകയാണെങ്കിലും പള്ളിപ്പറമ്പിലെ കുടുംബ കല്ലറയിൽ കുട്ടിയമ്മയും ജോസ് കെ. മാണിയും കുടുംബംഗങ്ങളും പ്രാർത്ഥനയ്ക്കെത്തും.
അടുത്തവർക്കും അകന്നുനിന്ന് സ്നേഹിച്ചവർക്കും കെ.എം മാണി സ്നേഹമായിരുന്നു. 1965ൽ പാലാ നിയോജക മണ്ഡലം പിറന്ന ശേഷം ഒരു തിരഞ്ഞെടുപ്പിലും തോൽക്കാത്ത ജനപിന്തുണയുടെ രഹസ്യം ആ സ്നേഹമായിരുന്നു. അരനൂറ്റാണ്ടു കാലം ഒരു മണ്ഡലത്തിൽ നിന്നു മാത്രം ജയിച്ച മാണിയുടെ റെക്കാഡ് ഇന്നും ഭേദിക്കപ്പെടാതെ നിൽക്കുകയാണ്. അതിന് അടുത്തെത്തി നിൽക്കുന്നത് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മാത്രം.
നിയമ ബിരുദധാരിയായി ജീവിതം തുടങ്ങിയെങ്കിലും പ്രാക്ടീസ് ചെയ്തത് കർഷക രാഷ്ട്രീയമായിരുന്നു. 1964 ൽ കേരള കോൺഗ്രസ് പിറക്കുമ്പോൾ മാണി കോൺഗ്രസിലായിരുന്നു .പിന്നിടാണ് കേരള കോൺഗ്രസിൽ എത്തിയതും അദ്ധ്വാന വർഗ സിദ്ധാന്തത്തിലൂടെ കേരള കോൺഗ്രസിനെ തന്റെ പര്യായമാക്കി മാറ്റിയതും. കർഷക സമരവീര്യത്തെ രാഷ്ട്രീയ പ്രയോഗമാക്കുന്നതിൽ മാണിയെപ്പോലെ മിടുക്കുകാട്ടിയ മറ്റൊരു നേതാവ് ഉണ്ടായിരുന്നില്ല.
1976- ൽ ആദ്യ ബഡ്ജറ്റിൽ കർഷകർക്കായി 25 കോടി രൂപയോളം മാണി വകയിരുത്തി. കാർഷിക ആദായ നികുതി പരിധി ഉയർത്തി. 1980 ൽ ഇ.കെ. നായനാർ മന്ത്രിസഭയിലും ബഡ്ജറ്റ് അവതരിപ്പിച്ച മാണി 60 വയസ്സു കഴിഞ്ഞ കർഷകത്തൊഴിലാളികൾക്ക് പെൻഷൻ പ്രഖ്യാപിച്ചു. 2011 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കർഷക പെൻഷൻ പ്രഖ്യാപിച്ച് വീണ്ടും ചരിത്രം സൃഷ്ടിച്ചു. റബർ കർഷകർക്ക് അക്കൗണ്ടിലേക്ക് നേരിട്ടു പണം നൽകുന്ന റബർ വിലസ്ഥിരതാ പദ്ധതി. ആ മാതൃകയിൽ ഇന്ത്യയിൽ ആദ്യത്തേതായിരുന്നു.
മാരകരോഗം ബാധിച്ച രോഗികൾക്ക് ചികിത്സാ സഹായമേകിയ കാരുണ്യ പദ്ധതിയും ഏറെ ശ്രദ്ധേയമായി. കർഷകർക്ക് മോറട്ടോറിയം എന്ന ആവശ്യം കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചതും മാണിയായിരുന്നു. എന്നും വെല്ലുവിളികളെ നേരിട്ടാണ് മാണി കേരള രാഷ്ട്രീയത്തിലെ വന്മരമായി വളർന്നത്. കേരള കോൺഗ്രസിന്റെ ശാപമായി മാറിയ പിളർപ്പുകളിലും ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാവായി ഉയർന്നത് മാണിയായിരുന്നു.
ജീവിതത്തിലുടനീളം റെക്കാഡുകളിട്ട മാണിയുടെ വിലാപയാത്രയിൽ ജനം അണമുറിയാതെ ഒഴുകിയെത്തിയതോടെ കൊച്ചി മുതൽ പാലാ വരെ എത്താൻ 21 മണിക്കൂർ എടുത്തതും മറ്റൊരു റെക്കാഡായിരുന്നു. ജനഹൃദയങ്ങളിൽ ഇടംനേടി ഒരു ജനതയുടെ ഹൃദയതാളമായി മാറുകയായിരന്നു, കെ.എം. മാണിയെന്ന ജനനേതാവ്.