കോട്ടയം: നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി റോഡിലിറങ്ങുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് കോട്ടയം ജില്ലാ കളക്ടർ. അകാരണമായി പുറത്തിറങ്ങിയ നിരവധി ആളുകളെ പൊലീസ് പിടികൂടി കേസെടുതു. കോട്ടയം ടൗണിലും കഞ്ഞിക്കുഴി, നാഗമ്പടം എന്നിവിടങ്ങളിൽ നടത്തിയ കർശന പരിശോധനയിലാണ് കൂടുതൽ ആളുകളെ പിടികൂടിയത്. പച്ചക്കറി മാർക്കറ്റിൽ പോവുന്നു, മരുന്നുവാങ്ങാൻ പോവുന്നു എന്നൊക്കെ പറഞ്ഞാണ് ആളുകൾ ബൈക്കുകളിലും കാറുകളിലുമായി എത്തിയത്. എന്നാൽ ഇവർ പറയുന്നത് ശരിയല്ലെന്ന് മനസിലായതോടെയാണ് പൊലീസ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പന്ത്രണ്ട് കേസുകളാണ് നിയമം ലംഘിച്ചവർക്കെതിരെ എടുത്തത്. കൊവിഡ് ബാധയിൽ നിന്നും കോട്ടയം മുക്തമായെന്ന മുൻവിധിയെ തുടർന്ന് ഇന്നലെ നിരവധി ആളുകൾ ടൗണിലെത്തിയിരുന്നു. തിങ്കളാഴ്ചയായതിനാൽ സാധനം വാങ്ങാൻ വന്നവരാണെന്ന് മനസിലാക്കി അല്പം അയവ് പൊലീസ് വരുത്തിയിരുന്നുവെന്നാണ് മനസിലാവുന്നത്. ഇന്നും അതേ രീതിയിൽ എത്തിയതോടെയാണ് പൊലീസ് നടപടി ശക്തമാക്കിയത്. ജില്ല സുരക്ഷിതമെന്ന മുൻവിധി വേണ്ടായെന്ന് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തന്നെ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗണും നിരോധനാജ്ഞയും കോട്ടയത്ത് നിലനില്ക്കുകയാണ്. ജില്ലയിൽ കൊവിഡ്-19 സ്ഥിരീകരിച്ച് ആരും തന്നെ ആശുപത്രികളിൽ ഇല്ലെങ്കിലും രോഗവ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും പൊലീസും നല്കുന്ന നിർദ്ദേശങ്ങൾ പാലിക്കുകതന്നെ ചെയ്യണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്കി.