കോട്ടയം: പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില പിടിച്ചുനിർത്താനും പൂഴ്ത്തി വയ്പ് നിയന്ത്രിക്കുന്നതിനും കോട്ടയത്ത് കടകൾ കയറിയിറങ്ങി ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന. 28 കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കി. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യ റേഷൻ വിതരണത്തിൽ തൂക്കത്തിൽ കുറവു വരുത്തിയ കടകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. 15 കിലോ അരി തൂക്കി നല്കുമ്പോൾ 800 ഗ്രാം മുതൽ രണ്ടു കിലോ വരെയാണ് കുറവ് കണ്ടെത്തിയത്. ഈ കടകളുടെ രജിസ്ട്രേഷൻ റദ്ദാക്കും. വില രേഖപ്പെടുത്താതെ സൂപ്പർ മാർക്കറ്റുകളിൽ വില്പനക്ക് വച്ചിരുന്ന സാധനങ്ങളും കണ്ടെടുത്തു. കൂടാതെ കുപ്പിവെള്ളത്തിന് അമിത വില വാങ്ങിയ കടകൾക്കും പിഴ അടയ്ക്കേണ്ടതായി വന്നു. ഡെപ്യൂട്ടി കൺട്രോളർമാരായ എൻ.സി.സന്തോഷ്, എം.സഫിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.