കോട്ടയം: കൊവിഡ് കാലത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തതിനാൽ പാലായിലെ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെങ്കിലും ജോസ് കെ.മാണിക്ക് വിശ്രമമില്ല. നിരവധി ആളുകളാണ് സ്വയം ഹെൽപ്പ് ഡെസ്‌ക്കായി മാറിയ എം.പിയെ വിളിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്രാനുമതി ലഭിക്കാതെ കുടുങ്ങിപ്പോയവരെ തിരികെയെത്തിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. അംഗീകൃത ലബോറട്ടറികളിൽ നിന്നു പരിശോധനാ ഫലം നെഗറ്റീവ് ആയവർക്ക് മാത്രമെ യാത്രാനുമതി നൽകു എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നയം. രാജ്യസഭയിലും വിദേശകാര്യമന്ത്രാലയത്തിലും ഈ വിഷയം അവതരിപ്പിച്ചതോടെ ഇന്ത്യയിൽ നിന്ന് ഒരു മെഡിക്കൽ സംഘത്തെ അടിയന്തരമായി ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അയച്ചു. ലണ്ടനിൽ 241 ഇന്ത്യൻ വിദ്യാർത്ഥികൾ, ഇറ്റലിയിലെ 60 ഇന്ത്യൻ കുടുംബങ്ങൾ , മലേഷ്യയിൽ കുടുങ്ങിയ 200 ഓളം മലയാളികൾ എന്നിവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു. തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി ലഭിക്കാതിരുന്ന ഫ്‌ളോറിഡയിൽ നിന്നുള്ള സാൻഡം എന്ന കപ്പലിലെ 22 ഇന്ത്യാക്കാരുടെ പ്രശ്നത്തിനും പരിഹാരം കാണാനായി.

കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകരെ അണിനിരത്തുക എന്ന ദൗത്യവും ഏറ്റെടുത്തു. പാലാ ജനറൽ ആശുപത്രിക്ക് എം.പി ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയിൽ പൊലീസ്, റവന്യൂ, മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരേയും ഉൾപ്പടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കെ.എം.മാണിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് കോട്ടയം നെഹൃ സ്റ്റേഡിയത്തിൽ ഒന്നര ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് നടത്താനിരുന്ന സ്മൃതിസംഗമത്തിന്റെ പോസ്റ്ററടക്കം തയ്യാറാക്കി പ്രാരംഭ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും എല്ലാം മാറ്റിവച്ചു. പകരം കാരുണ്യ പ്രവർത്തനം നടത്തിയാണ് ഓർമദിനം ആചരിക്കുന്നത്. തൊട്ടടുത്ത വീടുകളിൽ ഭക്ഷണവും കിടപ്പു രോഗികൾക്ക് 1000 രൂപ വീതവും തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന സമൂഹ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങളും അന്നു നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

ഈ തിരക്കുകൾക്കിടയിലും പുസ്തക വായനയ്ക്കു സമയം കണ്ടെത്തുന്ന ജോസ് , സ്കൂൾ പഠനകാലം മുതൽ തുടരുന്ന യോഗാഭ്യാസത്തിനും അവധി നൽകുന്നില്ല.