കോട്ടയം: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നെത്തിച്ച 600 കിലോ പഴകിയ മീനും ലോറിയും പൊലീസും ആരോഗ്യവിഭാഗവും ചേർന്ന് പിടിച്ചെടുത്തു. മാസങ്ങളോളം പഴക്കമുള്ള മീൻ കേടാകാതിരിക്കാൻ ഫോർമാലിൻ അടക്കമുള്ള രാസവസ്‌തുക്കൾ ചേർത്തിരുന്നതായി കണ്ടെത്തി.
ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം.ബേക്കർ ജംഗ്ഷനിൽ ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പൊലീസ് പിക്കറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ റൂമിലെ എസ്.ഐമാരായ രവീന്ദ്രൻ, ശശീന്ദ്രൻ എന്നിവരാണ് സംശയം തോന്നി വാഹന പരിശോധന നടത്തിയത്. ദുർഗന്ധം വമിക്കുന്ന മീനാണെന്ന് കണ്ടെത്തിയതോടെ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരെ അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്‌ടർ ജേക്കബ് സണ്ണിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മാസങ്ങൾ പഴക്കമുള്ള മീനാണെന്നും ഫോർമാലിൻ അടക്കമുള്ള രാസവസ്‌തുക്കൾ ചേർത്തതായും കണ്ടെത്തി. പൊലീസ് ലോറി പിടിച്ചെടുത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി. പാലാ, കോട്ടയം നഗരം, ചങ്ങനാശേരി എന്നിവിടങ്ങളിലെ വിവിധ മാർക്കറ്റുകളിൽ വിതരണം ചെയ്യാനാണ് മീൻ എത്തിച്ചതെന്ന് അറിയുന്നു. .