പൊൻകുന്നം : അഗ്‌നിരക്ഷാസേനയോട് തോളോടുതോൾ ചേർന്ന് ജില്ലയിൽ സേവനരംഗത്ത് 200ലേറെ ആപ്ദാമിത്ര അംഗങ്ങൾ. കൊവിഡ് നിയന്ത്രണ ഭാഗമായി നാടുംനഗരവും അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളിലാണിവരിപ്പോൾ. സംസ്ഥാനത്ത് മഹാപ്രളയത്തിന് ശേഷമാണ് ആപ്ദാമിത്രക്ക് രൂപം കൊടുത്തത്. ഓഖി, പ്രളയകാലങ്ങളിൽ ഇവർ സേവനം നൽകി. ഇപ്പോൾ പട്ടണങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, റേഷൻകടകൾ, മാർക്കറ്റുകൾ, അങ്കൺവാടികൾ തുടങ്ങിയവയെല്ലാം ഇവരുടെ നേതൃത്വത്തിൽ ശുചീകരിക്കുകയാണ്. നിരാലംബരായവർക്ക് അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാനും ഇവർ ശ്രദ്ധിക്കുന്നു. അഗ്‌നിരക്ഷാസേനയുടെ തൃശൂരിലെ പരിശീലനകേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയവരാണ് രംഗത്തുള്ളത്. കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാസേനയിൽ ഓഫീസർ ജോസഫ് ജോസഫ്, ആപ്ദാമിത്ര വോളന്റിയർമാരായ അരുൺ ശങ്കർ, നിസ്സാർ എന്നിവരുടെ നേതൃത്വത്തിലാണ് ടീം പ്രവർത്തിക്കുന്നത്.