കോട്ടയം : ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചു. പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ പേ വാർഡ്, ഐസൊലേഷൻ ഐ.സി.യു, വെന്റിലേറ്റർ, ജീവനക്കാർക്ക് ആവശ്യമായ പി.പി.ഇ കിറ്റുകൾ, മാസ്‌കുകൾ, സാനിറ്റൈസറുകൾ എന്നിവയും ആവശ്യ മരുന്നുകളും മറ്റും ക്രമീകരിക്കും. ഈ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കുന്നതിന് ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. ജില്ലയിലെ അനാഥാലയങ്ങൾക്കും മാനസികരോഗ പുനരധിവാസ കേന്ദ്രങ്ങൾക്കും ഗ്രാമപഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇതിനായി ജില്ലാ സാമൂഹ്യനീതി ഓഫീസറെ ചുമതലപ്പെടുത്തി. ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിന് തീരുമാനമായി. യോഗത്തിൽ വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ എന്നിവർ പങ്കെടുത്തു.