തലയോലപറമ്പ് : കലാകാരനും അംഗപരിമിതനുമായ യുവാവിന് മെഡിക്കൽ കോളേജിൽ നിന്ന് മരുന്ന് എത്തിച്ച് നൽകി കടുത്തുരുത്തി അഗ്‌നിശമനസേന മാതൃകയായി. തലയോലപ്പറമ്പ് തൃക്കരായിക്കുളം മഴുവിൻമേൽ എം.പി സലീമിന്റെ മകൻ അർജുൻ സലീമിനാണ് അഗ്‌നിശമന സേന കടുത്തുരുത്തി യൂണിറ്റ് മരുന്ന് എത്തിച്ച് നൽകിയത്. മിമിക്രിയിലും, അഭിനയത്തിലും ചെണ്ടമേളത്തിലും കഴിവു തെളിയിച്ച ഈ കലാകാരന് ആറു വർഷങ്ങൾക്ക് മുൻപ് എറണാകുളത്ത് വച്ച് ഉണ്ടായ വാഹനാപകടത്തിൽ കേൾവി ശക്തിയും ഇടതു കൈയുടെ സ്വാധീനവും നഷ്ട്ടപ്പെടുകയായിരുന്നു. മാസങ്ങളോളം തളർന്ന് കിടന്ന അർജുൻ നിരവധി ചികിത്സകൾക്ക് ശേഷമാണ് പഴയ ജീവിതത്തിലേക്ക് സാവധാനം തിരിച്ചെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. എന്നാൽ സ്ഥിരമായി കഴിക്കേണ്ട മരുന്ന് തീർന്നുപോയി. ലോക്ക്ഡൗൺ മൂലം കോട്ടയത്തെത്തി മരുന്ന് മേടിക്കുകയെന്നത് ഏറെ പ്രയാസകരമായതിനാൽ വീട്ടുകാർ കടുത്തുരുത്തി ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. ലോക്ക്ഡൗൺ കാലത്ത് സർക്കാർ സംവിധാനങ്ങൾ സാധാരണക്കാർക്കൊപ്പമാണെന്ന് ജീവിതാനുഭവങ്ങളിൽ നിന്ന് തിരിച്ചറിയുകയാണ് അർജുനും കുടുംബവും.