പാലാ : ഭക്ഷ്യപൊതുവിതരണ വകുപ്പും, റവന്യു, ലീഗൽ മെട്രോളജി വകുപ്പും ചേർന്ന് മീനച്ചിൽ താലൂക്കിലെ കിങ്ങൂരിൽ നടത്തിയ പരിശോധനയിൽ നാല് കടകൾക്ക് നോട്ടീസ് നൽകി. മൂന്ന് കടകളിൽ നിന്ന് പിഴയീടാക്കി. കിടങ്ങൂർ ടൗണിൽ പ്രവർത്തിക്കുന്ന റേഷൻകടയിൽ നടത്തിയ പരിശോധനയിൽ ലീഗൽ മെട്രോളജിയുടെ മുദ്ര പതിക്കാത്ത അളവ് പാത്രം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മണ്ണെണ്ണ അളക്കുന്നതിനുള്ള അരലിറ്റർ അളവ് തൂക്കുപാത്രത്തിലാണ് ക്രമക്കേട്. പഴയകാലത്തുള്ള അളവുപാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ലീഗൽ മെട്രോളജി വകുപ്പ് കട ഉടമക്ക് നോട്ടീസ് നൽകുകയും 2000 രൂപ പിഴയും നൽകി.
കിടങ്ങൂരിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിൽ നിയമപരമായ മുന്നറിയിപ്പുകളില്ലാതെ പായ്ക്ക് ചെയ്തുവച്ചിരുന്ന ഭക്ഷ്യസാധനങ്ങൾ പരിശോധനാ സംഘം പിടിച്ചെടുത്തു. 500 ഗ്രാം, 1 കിലോഗ്രാം തൂക്കത്തിൽ പായ്ക്കറ്റുകളിലായി സൂക്ഷിച്ചതിനാണ് കേസ്. ഭക്ഷ്യസാധനങ്ങൾ എന്ന് പായ്ക്ക് ചെയ്തതാണെന്നോ, തൂക്കം എത്രയെന്നോ, മറ്റ് നിയമപരമായ അറിയിപ്പുകളോ പായ്ക്കറ്റുകളിലില്ല. ഉടമയ്ക്ക് നോട്ടീസ് നൽകുകയും 5000 രൂപാ പിഴ അടയ്ക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. കിടങ്ങൂരിലെ തന്നെ മറ്റൊരു പലചരക്ക് കടയിലും സമാനരീതിയിൽ പായ്ക്കിംഗ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് 5000 രൂപ പിഴയിടുകയും നോട്ടീസ് നൽകുകയും ചെയ്തു.
150 കിലോ വാഴപ്പഴം പിടികൂടി
കിടങ്ങിരിൽ പച്ചക്കറി കടയിൽ വൃത്തിരഹിതമായ സാഹചര്യത്തിൽ വില്പനയ്ക്കായി സൂക്ഷിച്ച 150ഓളം കിലോഗ്രാം വാഴപ്പഴം പിടികൂടി. മറ്റ് പച്ചക്കറികൾക്കൊപ്പം നിലത്തായിരുന്നു പഴം സൂക്ഷിച്ചിരുന്നത്. പഴകി കേടുവന്ന പഴങ്ങൾ വാരിമാറ്റി വൃത്തിയാക്കിച്ചു. ഇവിടെ വിലവിവര പട്ടികയും പ്രദർശിപ്പിച്ചിരുന്നില്ല. മീനച്ചിൽ ഡെപ്യൂട്ടി തഹസീൽദാർ മൻജിത്തിന്റെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്‌പെക്ടർ ജോമി ജോസ്, സഹീർ, സുരേഷ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഷിന്റോ എബ്രഹാം എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
പരാതി നൽകാം
കൺട്രോൾറൂം നമ്പർ : 04822212325