കോട്ടയം : ലോക്ക് ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിയുടെ ആധിയിൽ കഴിയുമ്പോഴാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ കോൾ അവരെ തേടിയെത്തിയത്. ഏക്കറുകളോളം വിളഞ്ഞു നിൽക്കുന്ന കൈതച്ചക്ക വിറ്റഴിക്കാൻ ഒരു വഴിയുമില്ലാതായ കർഷകർക്കാണ് ഈ ആശ്വാസ വിളിയെത്തിയത്.
തിങ്കളാഴ്ച എലിക്കുളം സ്വദേശി ടോമി ജോസഫാണ് ആദ്യം കൈതച്ചക്കയുമായി കോട്ടയത്തേക്ക് വന്നത്. കളക്ടറേറ്റ് പരിസരത്ത് കച്ചവടം തുടങ്ങിയ ഇദ്ദേഹം മടങ്ങുമ്പോൾ വാഹനത്തിലുണ്ടായിരുന്ന 300 കിലോയും തീർന്നിരുന്നു. തീക്കോയിയിൽനിന്ന് കുരുവിളയും പൂഞ്ഞാർ തെക്കേക്കരയിൽനിന്ന് ഉണ്ണികൃഷ്ണനും ഇന്നലെ രാവിലെ വന്നു. കുരുവിളയുടെ പക്കലുണ്ടായിരുന്ന 520 കിലോയിൽ 120 കിലോ മണർകാട്ടെ മേപ്പിൾ ഹിൽസ് വില്ല ഫ്‌ളാറ്റിലുള്ളവർ വാങ്ങി. നട്ടാശേരിയിൽ കെ.എസ്.ഇ.ബി. സബ് എൻജിനീയർ വേണുഗോപാലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് 250 കിലോയോളം ഏറ്റെടുത്തു. ശേഷിച്ചത് വടവാതൂർ സെമിനാരിയിലും മൂലവട്ടം കെ.യു നഗർ റസിഡന്റ്‌സ് അസോസിയേഷനും നൽകി.
ഉണ്ണികൃഷ്ണന്റെ 600 കിലോ കൈതച്ചക്ക കടുത്തുരുത്തിയിലെ കിഴക്കേനട, കൈലാസപുരം റസിഡന്റ്‌സ് അസോസിയേഷനുകൾക്കാണ് നൽകിയത്. 520 കിലോ ഗ്രാമിന്റെ രണ്ടാമത്തെ ലോഡുമായി എത്തിയ ടോമി ഇക്കുറിയും തുടക്കം കുറിച്ചത് കളക്ടറേറ്റിലായിരുന്നു. അവിടെ 100 കിലോ വിറ്റു. ബാക്കി മാങ്ങാനത്തെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിനും കുമാരനല്ലൂരിലെ രണ്ട് റസിഡന്റ്‌സ് അസോസിയേഷനുകൾക്കും നൽകി.
പഴുത്തു തുടങ്ങിയ കൈതച്ചക്ക പതിവു വിപണികളിലേയ്ക്ക് അയയ്ക്കാൻ കഴിയാതെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പ്രാദേശികമായി വിറ്റഴിക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് ജില്ലാ ഭരണകൂടവും കൃഷിവകുപ്പും ചേർന്ന് തുടക്കമിട്ടത്. ഫ്‌ളാറ്റുകൾ,റസിഡന്റ്‌സ് അസോസിയേഷനുകൾ, കച്ചവടക്കാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ പരമാവധി കൈതച്ചക്ക വിറ്റഴിക്കുന്നതിന് വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. റസിഡന്റ്‌സ് അസോസിയേഷൻ അപ്പക്‌സ് കൗൺസിലും, കോൺഫെഡറേഷൻ ഒഫ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനും സഹകരിക്കുന്നുണ്ട്.
ആവശ്യക്കാരെ കണ്ടെത്തുന്നതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും കൃഷിവകുപ്പാണ്. ഏറ്റവും കുറഞ്ഞത് 100 കിലോയെങ്കിലും ഓർഡർ ലഭിക്കുന്നവർക്ക് കർഷകർ തന്നെ നേരിട്ട് എത്തിച്ചു നൽകുംവിധമാണ് ക്രമീകരണം.

600 മെട്രിക് ടൺ കൈതച്ചക്ക
ജില്ലയിൽ ആകെ ഏകദേശം 600 മെട്രിക് ടൺ കൈതച്ചക്കയാണ് ഉത്പാദിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് പൂർണമായും വിപണനം ചെയ്യുന്നതിന് തടസങ്ങളുണ്ടെങ്കിലും ജനങ്ങൾ സഹകരിച്ചാൽ കർഷകർക്ക് പരമാവധി വിറ്റഴിക്കാവുന്ന സാഹചര്യം ഒരുക്കാനാകുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. അവധി ദിവസങ്ങളിലും വിതരണ സംവിധാനം മുടക്കമില്ലാതെ പ്രവർത്തിക്കുമെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ സലോമി തോമസ് പറഞ്ഞു

കൈതച്ചക്ക വേണ്ടവർക്ക് വിളിക്കാം
കുറഞ്ഞത് നൂറു കിലോഗ്രാമെങ്കിലും കൈതച്ചക്ക വേണ്ടവർക്ക് കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ വിളിക്കാം. ഫോൺ നമ്പരുകൾ സാലി ജോസഫ് (ഡെപ്യൂട്ടി ഡയറക്ടർ) 9495624003, മാഗി മെറീന (ഡെപ്യൂട്ടി ഡയറക്ടർ) 9446335730, ജാൻസി കോശി (അസിസ്റ്റന്റ് ഡയറക്ടർ) 9446960187, ഡെന്നീസ് ജോർജ് (കൃഷി ഓഫീസർ) 8086881989.