പാലാ : ' അച്ചാച്ചൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടില്ല.ആ അദൃശ്യ സാന്നിധ്യം ഇപ്പോഴും ഞങ്ങളോടു കൂടെയുണ്ട് ' കെ.എം. മാണിയുടെ വേർപാടിന്റെ ഒന്നാം വാർഷിക ദിനമാണ് നാളെയെങ്കിലും അത് ഉൾക്കൊള്ളാൻ മകൻ ജോസ്.കെ. മാണി എം.പി.യ്ക്ക് ഇപ്പോഴുമാകുന്നില്ല. ' ഇത് എന്റെ മാത്രം കാര്യമല്ല. ഞങ്ങളുടെ പതിനായിരക്കണക്കിന് നേതാക്കളും പ്രവർത്തകരുമൊക്കെ മാണി സാർ ഇപ്പോഴും സാന്നിദ്ധ്യമായുണ്ടെന്ന് ഉറച്ചു വിശ്വസിക്കുകയാണ്. അച്ചാച്ചൻ എല്ലാവരുടെയും ഹൃദയ വികാരമാണ്. വിമാനത്തിലോ, ട്രെയിനിലോ, മറ്റേതെങ്കിലും സ്ഥലത്തോ യാത്ര ചെയ്യുമ്പോൾ പുതുതായി ആരെയെങ്കിലും പരിചയപ്പെട്ടാൽ അവർക്കെല്ലാം അച്ചാച്ചനുമായുണ്ടായിരുന്ന ഹൃദയം നിറഞ്ഞ ഒരു ഓർമ്മയെങ്കിലും പങ്കുവയ്ക്കാനുണ്ടാകും.
ഇങ്ങനെ എത്രയോ അനുഭവങ്ങൾ. രക്തബന്ധമുള്ള ഒരാൾ വിട പറഞ്ഞു പോകുന്നതിനേക്കാൾ തീവ്രമായ വേദനയാണ് മാണിസാർ വിട്ടുപിരിഞ്ഞപ്പോൾ അവർക്കെല്ലാമുണ്ടായത്. മാണിസാർ ഉള്ളപ്പോഴും പാർട്ടിയിൽ നിന്ന് പലരും പോകുകയും വരികയും ചെയ്തിട്ടുണ്ട്. ചില പ്രതിസന്ധികളൊക്കെ അന്നുമുണ്ടായിട്ട് പിന്നീടുമുണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളിൽ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് കൂടുതൽ കരുത്താർജ്ജിക്കുകയായിരുന്നു അദ്ദേഹവും പാർട്ടിയും. ജനങ്ങളായിരുന്നു എല്ലാ പിന്തുണയും പിൻബലവും. ആ നേരനുഭവം ഇപ്പോഴത്തെ നേതാക്കൾക്കെല്ലാമുണ്ട്. അതിനാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സഹായിക്കുന്ന വലിയൊരു ജനസഞ്ചയത്തെ മുറുകെപ്പിടിച്ചാണ് ഞാനും മറ്റു നേതാക്കളുമെല്ലാം പാർട്ടിയെ ഇന്ന് നയിക്കുന്നതെന്ന് ജോസ്. കെ. മാണി ചൂണ്ടിക്കാട്ടി.