കോട്ടയം: ജില്ലയിലെ പാടശേഖരങ്ങളിൽ പുഞ്ചകൃഷി കൊയ്ത്ത് ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 4500 ഏക്കർ സ്ഥലത്താണ് നെല്ല് കൊയ്ത്തിനു പാകമായി നിൽക്കുന്നത്.

വേനൽ മഴമൂലം കർഷകർക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതിനാൽ ആവശ്യത്തിന് കൊയ്ത്തു യന്ത്രങ്ങൾ ലഭ്യമാക്കാൻ ഏജന്റുമാർ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു നിർദേശിച്ചു. യന്ത്രങ്ങൾ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി.

അധികമായി ആവശ്യം വരുന്ന യന്ത്രങ്ങൾ ഏർപ്പെടുത്തുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദേശം നൽകി. കൊയ്ത്തിന് നിയോഗിക്കപ്പെടുന്ന തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും പാടശേഖര സമിതികൾ ശ്രദ്ധിക്കണം.