കോട്ടയം: കൊയ്ത്ത് പൂർത്തിയാക്കാതെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച 15 തൊഴിലാളികളെ അഞ്ച് കൊയ്ത്ത് യന്ത്രങ്ങൾ സഹിതം പൊലീസ് പിടികൂടി. കൊവിഡ് ഭീഷണിയെ തുടർന്നാണ് തങ്ങൾ ജോലി ഉപേക്ഷിച്ച് പോവുന്നതെന്ന് തൊഴിലാളികൾ പറഞ്ഞെങ്കിലും രോഗം പടരുമെന്നതിനാൽ ഇവരെ പൊലീസ് തടയുകയായിരുന്നു. ഏറ്റുമാനൂരിൽ വച്ചാണ് സംഘത്തെ പൊലീസ് തടഞ്ഞത്.

കോട്ടയം ജില്ലയിലെ പാടശേഖരങ്ങളിൽ കൊയ്യുന്നതിനുവേണ്ടിയാണ് ഏജന്റുമാർ മുഖേന കൊയ്ത്ത് യന്ത്രം തമിഴ്നാട്ടിൽ നിന്ന് എത്തിച്ചത്. എന്നാൽ കൊയ്ത്ത് പൂർത്തിയാക്കാതെ പോയാൽ വലിയ നഷ്ടമുണ്ടാവുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസങ്ങളിൽ വേനൽ മഴ ശക്തമായതോടെ പാടത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. കാറ്റത്ത് നെൽചെടികൾ ചാഞ്ഞതിനാൽ രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ചാ‌ഞ്ഞുകിടക്കുന്ന ചെടികളിലെ നെല്ല് കിളിർത്തുതുടങ്ങും.

ജില്ലാ പൊലീസ് ചീഫ് ജി.ജയദേവിന്റെ നിർദ്ദേശപ്രകാരം ഏറ്റുമാനൂർ സി.ഐ എ.അൻസാരിയുടെ നേതൃത്വത്തിലാണ് കൊയ്ത്ത് യന്ത്രങ്ങളും അത് കയറ്റിവന്ന ലോറികളും പിടിച്ചെടുത്തത്.