കോട്ടയം: പക്ഷിപ്പണിയെ തുടർന്ന് നഷ്ടക്കയത്തിലാഴ്ന്ന താറാവ് കർഷകർക്ക് ലോക്ഡൗൺ വിനയായി. തീറ്റ കിട്ടാതായതാണ് താറാവ് കർഷകരെ വലയ്ക്കുന്നത്. എഫ്.സി.ഐയിൽ നിന്നും മറ്റും സ്വകാര്യ കമ്പനികൾ ശേഖരിക്കുന്ന നശിച്ച അരിയാണ് തീറ്റയായി താറാവുകൾക്ക് കർഷകർ നല്കിയിരുന്നത്. കോട്ടയം ജില്ലയിൽ പരക്കെ കൊയ്ത്ത് ആരംഭിച്ചതിനാൽ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ അഴിച്ചുവിടുന്നുണ്ടെങ്കിലും കൊഴിഞ്ഞ നെല്ലുമാത്രം പോര തീറ്റയ്ക്കായി താറാവുകൾക്ക്. ഒരു പാടത്തുനിന്നും മറ്റൊരു പാടത്തേക്ക് താറാവുകളെ കൊണ്ടുപോയിരുന്നത് ചെറിയ ലോറികളിലും മറ്റുമാണ്. ലോക്ക്ഡൗൺ ആയതിനാൽ വാഹനത്തിൽ താറാവുകളെ കൊണ്ടുപോവാനും സാധിക്കുന്നില്ല. ഇതോടെയാണ് താറാവിന് ആവശ്യമായ തീറ്റകിട്ടാതെ കർഷകർ വലയുന്നത്. 1000 താറാവുകളെ വളർത്തുന്ന കർഷകന് പ്രതിദിനം 100 കിലോ അരി ആവശ്യമാണ്.
കിലോക്ക് 20രൂപ നല്കിയാണ് ഉപയോഗശൂന്യമായ അരി കർഷകർ വാങ്ങിയിരുന്നത്. ലോക്ക് ഡൗൺ ആയതിനാൽ അതും കിട്ടാനില്ല. കാർഷിക മേഖലയെ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാർ പറയുമ്പോഴും അത് നടപ്പിലാവുന്നില്ല.
പ്രതിരോധ കുത്തിവയ്പ്പിന് ഇതിനോടകം നല്ല തുക കർഷകർ ചിലവാക്കിയിട്ടുണ്ട്. ഈസ്റ്റർ വിപണി ലക്ഷ്യമാക്കിയാണ് പൂവൻ താറാവുകളെ കർഷകർ വളർത്തിയിരുന്നത്. ഇക്കുറി താറാവ് മാംസത്തിന് നല്ല വില കിട്ടുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. എന്നാൽ ആവശ്യത്തിന് തീറ്റ നല്കാനാവാതിരുന്നതിനെ തുടർന്ന് താറാവിന്റെ തൂക്കം ഇതിനോടകം കുറഞ്ഞുകഴിഞ്ഞു. ഈസ്റ്റർ അടുത്തതോടെ കോഴിക്കും വിലകൂടി. ഇന്ന് രാവിലെ കോഴിക്ക് കിലോക്ക് 110 രൂപയാണ് വില. ഈസ്റ്റർദിനം ആവുന്നതോടെ ഇത് 140ൽ എത്തുമെന്നാണ് കോഴികർഷകരുടെ ശുഭാപ്തി വിശ്വാസം.