കോട്ടയം: കൊവിഡിനെ ഞങ്ങൾക്ക് ഭയമില്ല. കൊവിഡ് സംഹാര താണ്ഡവമാടുന്ന കാസർകോട്ടേയ്ക്കോ കണ്ണൂരിലേക്ക് പോവാൻ ഞങ്ങൾ തയാറാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ്-19 ഐസൊലേഷൻ വാർഡിൽ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ടീമാണ് സന്നദ്ധത അറിയിച്ച് ആരോഗ്യവകുപ്പിന് കത്ത് നൽകിയിട്ടുള്ളത്. സർജറി-പൾമണറി വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരും ടീമിലുണ്ട്.
ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശിയായ യുവാവിനെയും കുടുംബത്തേയും അവരുടെ മാതാപിതാക്കളെയും ചെങ്ങളം സ്വദേശിയായ മരുമകനെയും മകളെയും കൊവിഡ് രോഗത്തിൽ നിന്നും രക്ഷിച്ച് ജിവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ടീമാണ് കാസർകോട്ടേക്ക് പോവാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്.
ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ മെഡിക്കൽ ടീം ഏറെ പ്രശംസ നേടിയിരുന്നു.ഇപ്പോൾ രോഗബാധിതരായി ആരും തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ ഇല്ലാത്തതിനാലാണ് കാസർകോടിന് പോവാൻ ഇവർ സന്നദ്ധത അറിയിച്ചത്. ആരോഗ്യവകുപ്പ് ഇവരുടെ സന്നദ്ധത അംഗീകരിച്ച് ഏതുസമയവും പോവാൻ തയാറായിക്കൊള്ളൂ എന്ന ഉത്തരവ് നല്കിക്കഴിഞ്ഞു. അടുത്തദിവസം തന്നെ ടീം കാസർഗോട്ടേക്ക് പുറപ്പെടും. കോട്ടയത്ത് കോവിഡ് വാർഡിൽ ജോലി ചെയ്ത 17 നഴ്സുമാരും കാസർഗോട്ടേയ്ക്കുള്ള ടീമിൽ അംഗങ്ങളാണ്.