കോട്ടയം: "ദേ നോക്ക്. കൊയ്യാറായ നെല്ലാണ് ഇങ്ങനെ മഴനനഞ്ഞ് കിടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളോട് കാണിക്കുന്നതിന്റെ പകുതി കരുണയെങ്കിലും സർക്കാർ ഞങ്ങളോടു കാണിക്കണം. ഞങ്ങൾക്കൊന്നും കൊവിഡ് ഭീതിയിൽ വീട്ടിലിരിക്കാനാവില്ല"- അപ്പർ കുട്ടനാട്ടിലെ നെൽകർഷകൻ കൂടിയായ നടൻ കൃഷ്ണപ്രസാദിന്റെ ഈ പരിഭവം സമാന അവസ്ഥയിലുള്ള നൂറു കണക്കിന് കർഷകരുടേതു കൂടിയാണ്.

കൊയ്ത്ത് യന്ത്രത്തിന്റെ ക്ഷാമം കാരണം വലയുകയാണ് കൃഷ്ണപ്രസാദിനെപ്പോലെയുള്ള കർഷകർ. സമയത്ത് യന്ത്രം എത്തിച്ചിരുന്നെങ്കിൽ പുഞ്ചകൃഷിയുടെ കൊയ്ത്ത് ഇപ്പോൾ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ,​ പലപാടങ്ങളിലും കൊയ്ത്ത് തുടങ്ങിയിട്ട് പോലുമില്ല. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്താണ് കൊയ്ത്ത്. സേലത്തിനടത്തുള്ള ആത്തൂരിൽ നിന്നാണ് യന്ത്രമെത്തിക്കുന്നത്. ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിൽ യന്ത്രം കിട്ടാനുമില്ല. തുടക്കത്തിൽതന്നെ യന്ത്രം എത്തിച്ചിരുന്നെങ്കിൽ കർഷകർക്ക് ഇങ്ങനെയൊരു ഗതികേട് ഉണ്ടാകുമായിരുന്നില്ല.

വില്ലനായി വേനൽ മഴ

വേനൽമഴ തകർത്ത് പെയ്തതോടെ നെൽച്ചെടികൾ നിലംപതിച്ചു. ഭൂരിഭാഗവും നെൽമണികൾ അടർന്നു പോയി. എട്ട് യന്ത്രം വേണ്ട പായിപ്പാട്ടെ കൊല്ലത്ത് ചാത്തങ്കരിപ്പാടത്ത് ഇപ്പോൾ ആകെ എത്തിച്ചത് രണ്ട് യന്ത്രങ്ങൾ . ഇതു മുതലാക്കി കൊയ്ത്ത് യന്ത്ര മാഫിയ വാടക മണിക്കൂറിന് രണ്ടായിരം രൂപവരെയാക്കി. സാധാരണ രണ്ട് മണിക്കൂറുകൊണ്ട് ഒരേക്കർ പാടം കൊയ്യാമെങ്കിൽ ഇപ്പോൾ മഴമൂലം അഞ്ച് മണിക്കൂർ വരെയെടുക്കും. ഒരേക്കർ പാടം കൊയ്യാൻ യന്ത്രിത്തിന്റെ വാടകമാത്രം പതിനായിരം രൂപയാകും.

യന്ത്രമെത്തിക്കാൻ തീരുമാനം

ജില്ലയിലെ പാടശേഖരങ്ങളിൽ പുഞ്ച കൃഷി കൊയ്ത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. ജില്ലയിൽ 4500 ഏക്കറിൽ നെല്ല് കൊയ്ത്തിനു പാകമായി നിൽക്കുന്നുണ്ട്. വേനൽ മഴമൂലം കർഷകർക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതിനാൽ ആവശ്യത്തിന് കൊയ്ത്തു യന്ത്രങ്ങൾ ലഭ്യമാക്കാൻ ഏജന്റുമാർ ശ്രദ്ധിക്കണമെന്ന് കളക്ടർ പി.കെ. സുധീർ ബാബു നിർദേശിച്ചു. യന്ത്രങ്ങൾ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തി. അധിക ആവശ്യം വരുന്ന യന്ത്രങ്ങൾ ഏർപ്പെടുത്തുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദേശം നൽകി. പ്രിൻസിപ്പൽ കൃഷി ഓഫീസർ സലോമി തോമസ്, ഡിവൈ.എസ്.പി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

'' പുലർച്ചേ അഞ്ച് മുതൽ ഞങ്ങൾ പാടത്താണ്. മോട്ടോർ വച്ച് വെള്ളം വറ്റിച്ചു. യന്ത്രത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഭക്ഷ്യസുരക്ഷ ഒരുക്കുന്ന കർഷകരോട് സർക്കാർ കുരുണ കാട്ടണം''- കൃഷ്ണപ്രസാദ്, നടൻ, നെൽകർഷകൻ