പാലാ: കൊവിഡ് രോഗികളെ പരിചരിച്ച് 14 ദിവസം പിന്നിട്ടു; തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സ് ജിസ സെബാസ്റ്റ്യൻ അടക്കമുള്ള ഒരു ബാച്ച് ആരോഗ്യ പ്രവർത്തകർ വീട്ടിലേയ്ക്ക് മടങ്ങി. പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഇവർ ഇനി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലാണ്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ 13 അംഗ സംഘമാണ് ആദ്യഘട്ടം ചികിൽസാ ദൗത്യം ചൊവ്വാഴ്ച പൂർത്തിയാക്കിയത്. ഇക്കൂട്ടത്തിൽ കോട്ടയം ജില്ലയിലെ ഏക നഴ്സാണ് ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശിനി ജിസ .

ഡോ.ജോസ്‌മോൻ സി. ജോർജും ജിസയടക്കം ആറ്
നഴ്‌സുമാരും ആറ് അറ്റൻഡർമാരും ഉൾപ്പെട്ട സംഘമാണ് കഴിഞ്ഞ 14 ദിവസമായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികളെ ശുശ്രൂഷിച്ചിരുന്നത്. കഴിഞ്ഞമാസം 25ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോൺഗ്രസ് നേതാവ് ഉസ്മാൻ അടക്കമുള്ളവർ ചികിൽസയിലുണ്ടായിരുന്നു. ഉസ്മാനും മറ്റൊരുരോഗിയും ദിവസങ്ങൾക്കു മുൻപ് വീട്ടിലേക്ക് മടങ്ങി. ഇനി ഒരാൾകൂടി അവിടെയുണ്ട്. 26ന് ഡ്യൂട്ടിയിൽ കയറിയ നഴ്‌സുമാർ ദിവസം 4 മണിക്കൂർ വീതം പ്രത്യേക സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് ഡ്യൂട്ടി ചെയ്തത് .

'ആദ്യം ദിവസം അല്പം ഭയം ഉണ്ടായിരുന്നെങ്കിലും പിന്നീട് അതു മാറി. ഞങ്ങളുടെ ടീം മുഴുവൻ കട്ടയ്ക്ക് കൂടെനിന്നപ്പോൾ രോഗികൾ ആശ്വാസതീരമണയുന്ന കാഴ്ചയാണ് തുടർന്നുളള ദിവസങ്ങളിൽ കാണാനായത്. ആർക്കെങ്കിലും രോഗം പിടിപെട്ടാൽ അത് എല്ലാവരേയും ബാധിക്കുമെന്നതിനാൽ എപ്പോഴും കരുതലോടെ പ്രവർത്തിച്ചു.' ജിസ പറഞ്ഞു.

ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സുജ ജോസഫിന്റെ നേതൃത്വത്തിലുളള മെഡിക്കൽ സംഘം പിന്തുണയുമായി കൂടെയുണ്ടായിരുന്നത് ആശ്വാസം പകർന്നു. വലിയ അനുഭവമാണ് കോവിഡ് കാലത്ത് ഐസൊലേഷൻ വാർഡിലെ ജോലിയിൽ നിന്ന് ലഭിച്ചതെന്ന് ജിസ പറഞ്ഞു.

അഞ്ചുവർഷമായി തൊടുപുഴ ആശുപത്രിയിലെത്തിയിട്ട്. അതിന് മുൻപ് നെടുങ്കണ്ടം
സർക്കാർ ആശുപത്രിയിലായിരുന്നു ജിസ . കോവിഡ് കാലത്തെ ആദ്യ ഘട്ട ഡ്യൂട്ടി പൂർത്തിയാക്കി
സഹപ്രവർത്തകരോട് യാത്ര പറഞ്ഞ് ഭർത്താവ് ടോമിക്കൊപ്പം കാറിൽ ഭരണങ്ങാനത്തെ വീട്ടിലേക്ക് മടങ്ങുമ്പോൾ ജിസയുടെ മനസിന് ഏറെ ആശ്വാസം; ആറും ഒൻപതും വയസുള്ള പൊന്നുമക്കൾ ആൻട്രീസയേയും അൽവിനയേയും ഇനി കൺനിറയെ കാണാം.