ചങ്ങനാശേരി: നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്ത ഉപകരണങ്ങൾ ജനപ്രതിനിധി ബലമായി പിടിച്ചുവാങ്ങി വ്യാപാരികൾക്ക് നല്കി. അനധികൃതമായി കുരിശുംമൂട് ജംഗ്ഷനിൽ കച്ചവടം നടത്തിയ പച്ചക്കറി വ്യാപാരികളിൽ നിന്ന് പിടിച്ചെടുത്ത അളവ് തൂക്ക ഉപകരണങ്ങളാണ് നഗരസഭാ കൗൺസിലറും തൊഴിലാളി യൂണിയനായ (ഐ.എൻ.ടി.യു.സി) പ്രസിഡന്റുമായ മാർട്ടിൻ സ്‌കറിയയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ബലമായി പിടിച്ചു വാങ്ങി വ്യാപാരികൾക്ക് തിരികെ നല്കിയത്. ഐ.എൻ.ടി.യു.സിയുടെ യൂണിയനിൽപ്പെട്ട വ്യാപാരികളുടെ കടകളിൽ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. ഉപകരണങ്ങൾ തിരിച്ചു ലഭിക്കുന്നതിനായി പിഴയും മാപ്പ് അപേക്ഷയും നൽകിയിരുന്നതായും നടപടികൾ ഉണ്ടാകാതിരുന്നതിനാലാണ് ബലമായി ഉപകരണങ്ങൾ പിടിച്ചെടുത്തതെന്നും മാർട്ടിൻ സ്കറിയ പറഞ്ഞു. കൗൺസിലർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.