വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മഴയെത്തിയത്. ശക്തമായ കാറ്റിൽ വ്യാപകമായി മരങ്ങൾ വീണു. ഏതാനും മണിക്കൂറുകൾ മരങ്ങൾ മുറിച്ചുമാറ്റി. രാത്രി പുലർന്നപ്പോൾ ശുചീകരണവും അണുനശീകരണവുമെല്ലാമായി അഗ്‌നിരക്ഷാസേന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസും അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളും വൈക്കം ഫയർഫോഴ്‌സും സിവിൽ ഡിഫെൻസ് അംഗങ്ങളും കേരള യൂത്ത് ആക്ഷൻ ഫോഴ്‌സ് അംഗങ്ങളും ചേർന്ന് ശുചീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന സേനാംഗങ്ങൾക്കായുള്ള മാസ്‌കും കുടിവെള്ളവും ശുചികരണത്തിന് ആവശ്യമായ വസ്തുക്കളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന് കൈമാറി. ഇന്നലെയും പതിവ് പോലെ എ.ടിഎമ്മുകൾ, റേഷൻ കടകൾ, ആശുപത്രികൾ, ബാങ്കുകൾ, ട്രഷറി, പൊതുനിരത്തുകൾ എന്നിവ ശുചികരിച്ചു. എം.കെ. ബൈജു, മഹേഷ്, സനീഷ്, രാധാകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി. ചാലക്കുടി സ്വദേശിക്ക് ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ നിന്ന് ജീവൻ രക്ഷാ മരുന്നുകൾ നിലയത്തിലെ എം.കെ. രമേശ്കുമാർ, രഞ്ജിത്ത് എന്നിവർ ചേർന്ന് എത്തിച്ചു.