കോട്ടയം : കൊച്ചിയിൽ നിന്ന് പാലായിലേക്ക് 70 കിലോമീറ്റർ ദൂരമേയുള്ള. ഒരു വർഷം മുമ്പ് കെ.എം മാണിയുടെ ശവമഞ്ചവും വഹിച്ചുള്ള വാഹനം കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് പാലായിലെ വീട്ടിലെത്താൻ 21 മണിക്കൂർ എടുത്തു. മാണി സാറിനെ ജനങ്ങൾ അത്രമേൽ സ്നേഹിച്ചിരുന്നുവെന്ന് തെളിഞ്ഞത് അന്നായിരുന്നു. ഓർമയായി ഒരു വർഷമെത്തുമ്പോഴും അദൃശ്യസാന്നിദ്ധ്യമായി അടുപ്പമുള്ളവരിലെല്ലാം ആ സ്മരണ നിറയുകയാണ്.
വെള്ളമുണ്ട്, കൈമുട്ടു വരെ തെറുത്തുകയറ്റിയ വെള്ള ജുബ്ബ എപ്പോഴും ഫ്രഷായ മുഖം. പ്രായത്തിന്റെ അവശതകളിലും മൈക്കിന് മുന്നിൽ നിത്യ യൗവ്വനമായിരുന്നു ആ ശബ്ദം....
കെ.എം.മാണിയുടെ മരണശേഷം മാണിഗ്രൂപ്പ് ജോസും ജോസഫുമായി പിരിഞ്ഞു. അര നൂറ്റാണ്ട് മറ്റാർക്കും വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിച്ച പാലായിൽ ഇടതു പക്ഷത്തു നിന്ന് മറ്റൊരു മാണി ജയിച്ചു .കേരളകോൺഗ്രസ് രാഷ്ട്രീയത്തിൽ മാണിയില്ലാത്ത ഒരു വർഷത്തിനിടയിൽ പിളർന്നും ലയിച്ചുമുള്ള കളികളാണ് അരങ്ങേറിയത്.
വ്യത്യസ്ത അഭിപ്രായമുള്ളവരെയും യോജിപ്പിച്ചു കൊണ്ടു പോവുക എന്നതായിരുന്നു മാണിയുടെ തന്ത്രം . പി.സി.ജോർജും പി.ജെ.ജോസഫും പി.സി. തോമസുമൊക്കെ അങ്ങനെയാണ് മാണി ഗ്രൂപ്പിലെത്തിയത്. പിന്നീട് പിളർന്നുമാറിയപ്പോഴും നഷ്ടം അവർക്കായിരുന്നു. നേട്ടം മാണിക്കും. യു.ഡി.എഫിൽ നിന്നു പുറത്തു പോയ ശേഷം മാണി ഗ്രൂപ്പ് യു.ഡി.എഫിൽ തിരിച്ചെത്തിയത് കൈവശമുള്ള ഒരു ലോക് സഭാ സീറ്റിനു പുറമേ കോൺഗ്രസിന് അവകാശപ്പെട്ട ഒരു രാജ്യ സഭാ സീറ്റും നേടിയാണ്. അതാണ് മാണിയുടെ രാഷ്ട്രീയതന്ത്രജ്ഞത .
രാഷ്ട്രീയ എതിരാളികളെ ക്കൊണ്ടു പോലും സാറെന്നു വിളിപ്പിക്കാൻ മറ്റൊരു രാഷ്ടീയ നേതാവിനും കഴിഞ്ഞിട്ടില്ല. ഒരു മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ചതും ഇടതു വലതു മുന്നണികളിൽ ഏറ്റവും കൂടുതൽ തവണ ധനമന്ത്രിയായി ബഡ്ജറ്റവതരിപ്പിച്ചതും മന്ത്രിയെന്ന നിലയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തതിനുമുള്ള റെക്കാഡും ഇന്നും മാണിക്കു മാത്രം അവകാശപ്പെട്ടതാണ്.
1964 ഒക്ടോബർ 9ന് കോട്ടയം തിരുനക്കര മൈതാനിയിൽ മന്നത്തു പത്മനാഭൻ കേരളകോൺഗ്രസ് എന്ന രാഷ്ടീയ പാർട്ടിക്കു പേരിടുമ്പോൾ ആർ.ബാലകൃഷ്ണപിള്ളയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി. അന്നു കോൺഗ്രസിലായിരുന്ന കെ.എം.മാണി പിന്നീട് കേരളകോൺഗ്രസിലെത്തിയതോടെ കേരളകോൺഗ്രസിന്റെ ചരിത്രം മാണിയുടെ ചരിത്രമായി. കേരളരാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി മാണി വളർന്നപ്പോൾ ചെറിയൊരു ഗ്രൂപ്പിന്റെ ചെയർമാനായിരിക്കാനേ ബാലകൃഷ്ണപിള്ളക്ക് ഇന്ന് കഴിയുന്നുള്ളൂ. ഇതാണ് മാണിയുടെ രാഷ്ട്രീയ മാജിക് .
കൊവിഡ് നിയന്ത്രണം കാരണം ഒന്നാം ചരമവാർഷികം ലളിതമായി ആചരിക്കാനേ കഴിയുന്നുള്ളു. ഭാര്യയും മക്കളും പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിലെത്തി പ്രാർത്ഥിക്കും. കേരളകോൺഗ്രസ് പ്രവർത്തകർ കേരളത്തിലുടനീളം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കാരുണ്യ സ്പർശമാകും.