വൈക്കം : കുളമ്പുരോഗം പടർന്നു പിടിച്ചപ്പോഴും പിടിച്ചു നിന്നു. പക്ഷെ ലോക്ക് ഡൗണിൽ ക്ഷീരമേഖലയുടെ അടിപതറുകയാണ്. വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കാലിത്തീറ്റയുടേയും പച്ചപ്പുല്ലിന്റേയും ക്ഷാമമാണ് കർഷകരെ വലയ്ക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കുളമ്പുരോഗം പടർന്നു പിടിച്ചപ്പോൾ അത് ഏറ്റവുമധികം ബാധിച്ചത് വെച്ചൂർ, തലയാഴം മേഖലകളിലായിരുന്നു. അന്ന് അതിജീവിക്കാനായി.
പക്ഷെ ഇപ്പോൾ പശുക്കളെ പോറ്റാൻ മാർഗ്ഗമില്ലാതെ ക്ഷീരരംഗം വിടാനൊരുങ്ങുകയാണ് പലരും. കടുത്ത വേനലിനൊപ്പം കൊവിഡ് നിയന്ത്രണങ്ങൾ കൂടി വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വേനലിൽ ധാരാളം ശുദ്ധജലം പശുക്കൾക്ക് നൽകണം.ശുദ്ധജലത്തിന്റെ ലഭ്യത കുറവാണ്. കാലിത്തീറ്റ 50 കിലോയുടെ ചാക്കിന് 1300 രൂപയാണ് വില. സാമാന്യം നല്ല കറവയുള്ള പശുവിന് ഒരു നേരം 5 കിലോ കാലിത്തീറ്റ വേണം. അങ്ങനെ രണ്ട് നേരമെങ്കിലും കൊടുക്കണം. കാലിത്തീറ്റക്ക് ക്ഷാമം നേരിടുകയാണ്. പച്ചപ്പുല്ല് കൊടുക്കാമെന്നു വച്ചാൽ വേനൽകടുത്തതോടെ അതും കിട്ടാതായി. കൊവിഡ് വ്യാപന സാദ്ധ്യത മൂലം പുല്ല് അന്വേഷിച്ച് നടന്ന് ചെത്തിയെടുക്കാനും കർഷകർക്ക് കഴിയുന്നില്ല. പശുക്കളുടെ ചികിത്സയും കർഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. നല്ലയിനം പശുക്കളെ 24 മണിക്കൂറുമെന്ന പോലെ ശ്രദ്ധയോടെ പരിപാലിക്കണം. മിക്കപ്പോഴും ചികിത്സകൾ വേണ്ടിവരും.
പറയാനുള്ളത് നഷ്ടക്കണക്ക് മാത്രം
മരുന്നുകൾക്ക് തീവിലയാണ്. കാലിത്തീറ്റയുടേയും മരുന്നിന്റേയും വിലയടക്കമുള്ള ചെലവുകളും പാലിൽ നിന്നുള്ള വരുമാനവും താരതമ്യം ചെയ്യുമ്പോൾ നഷ്ടക്കണക്കുകൾ മാത്രമാണുണ്ടാവുകയെന്നും പശുവളർത്തൽ തുടരുന്നതിൽ അർത്ഥമില്ലെന്നുമാണ് കർഷകർ പറയുന്നത്. ചെറുകിട ക്ഷീരകർഷകരിൽ ഏറെയും സ്ത്രീകളാണ്. വീടിനോടനുബന്ധിച്ച് പശുവിനെ വളർത്താമെന്നതാണ് കാരണം. ലോക്ക് ഡൗൺ ആണുങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുത്തിയപ്പോഴും പശുക്കളുള്ള വീടുകൾ അതിന്റെ സാമ്പത്തിക ഞെരുക്കം കാര്യമായി അറിഞ്ഞിരുന്നില്ല. പക്ഷേ ക്ഷീരമേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ തുടർന്നാൽ വൈകാതെ ക്ഷീര കർഷകരുടെ വീടുകൾ പട്ടിണായിലാകും.
സബ്‌സിഡി അനുവദിക്കണം
ക്ഷീരമേഖലയെ നിലനിറുത്തുന്നതിനായി കാലിത്തീറ്റയ്ക്ക് 50 ശതമാനം സബ്‌സിഡി അനുവദിക്കണമെന്ന് വെച്ചൂർ തലയാഴം ക്ഷീരകർഷക സമിതി ആവശ്യപ്പെട്ടു. വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ കൊയ്ത്തുകാലമാണ്. നെല്ലിനൊപ്പം വൈക്കോലും മൊത്തവിലയ്ക്ക് പാടത്ത് നിന്ന് കയറിപ്പോവുകയാണ്. ക്ഷീരകർഷക സംഘങ്ങൾക്കിത് പാടശേഖരത്ത് നിന്ന് തന്നെ വാങ്ങി കർഷകർക്ക് നൽകാനാവും. ക്ഷീരകർഷകരുടെ വായ്പകളുടെ മോറട്ടോറിയം ആറ് മാസത്തേക്കാക്കണമെന്നും ക്ഷീരകർഷക സമിതി പ്രസിഡന്റ് സി.എസ്.രാജു, സെക്രട്ടറി ശശി മുരുകൻതറ എന്നിവർ ആവശ്യപ്പെട്ടു.