കോട്ടയം : കൊവിഡ് മുക്തജില്ലയായ കോട്ടയത്തും വാട്‌സ് ആപ്പ് കൊവിഡ് ! വ്യാജ വാർത്തകളുടെ പ്രളയമാണ് കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. പൊലീസ് പരിശോധനയുടെയും അഗ്നിരക്ഷാസേനയുടെ അണുനശീകരണത്തിന്റെയും പേരിലും വ്യാജപ്രചാരണം നടന്നു. കോട്ടയം നഗരത്തിലെ തെക്കുംഗോപുരത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ പള്ളിയിൽ തബ്‌ലീഗ് കഴിഞ്ഞെത്തിയ ഏഴംഗ സംഘം സി.പി.എം നേതാക്കളുടെ അറിവോടെ ഒളിവിൽ താമസിക്കുന്നെന്നായിരുന്നു പ്രചരണം. തുടർന്ന് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തിയെങ്കിലും പള്ളിയിൽ ഒരു ശുചീകരണ തൊഴിലാളി മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ആരും ഇവിടെ എത്തിയതായി കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ വൈകിട്ടോടെ അഗ്നിരക്ഷാസേന സി.പി.എം ഓഫീസിന് സമീപം അണുനശീകരണം നടത്തിയിരുന്നു. അഭയം ഭക്ഷണ വിതരണ പദ്ധതിയുടെ ഭാഗമായി ഇവിടെ നൂറുകണക്കിന് ആളുകൾ ദിവസവും എത്തുന്നുണ്ട്. രോഗബാധ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അണുനശീകരണം നടത്തിയത്. ഇതിന്റെ വീഡിയോ എടുത്ത ശേഷമാണ് പിന്നീടുള്ള വ്യാജ പ്രചാരണം. സംഭവത്തിൽ സൈബർ സെൽ കേസെടുത്തു.
മാദ്ധ്യമപ്രവർത്തകനും കൊവിഡെന്ന്
താഴത്തങ്ങാടി സ്വദേശിയായ മാദ്ധ്യമ പ്രവർത്തകന് കൊവിഡെന്ന പ്രചാരണം പിടിവിട്ടതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്നു കണ്ടെത്തി.
നടപടി ശക്തമാക്കും
വ്യാജ വാർത്തയ്‌ക്കെതിരെ നടപടി ശക്‌തമാക്കും. സൈബർ സെല്ലിലെ പ്രത്യേക വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജി.ജയദേവ്, ജില്ലാ പൊലീസ് മേധാവി