കോട്ടയം‍\പാലാ : ഭക്ഷ്യ പൊതുവിതരണ വകുപ്പും റവന്യു, ലീഗൽ മെട്രോളജി വകുപ്പും ചേർന്ന് പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിലെ മീൻകടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ 150 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ലോക്ക് ഡൗൺ കാലത്തിന് മുമ്പേ കടകളിലെത്തിയ മീൻ വിറ്റുതീരാത്തിനാൽ ഫ്രീസറിൽ സൂക്ഷിച്ച ശേഷം ഇപ്പോൾ കുറഞ്ഞവിലയ്ക്ക് വിറ്റഴിക്കവേയാണ് പിടികൂടിയത്. ദുർഗ്ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇവ. പാലായിലെ രണ്ട് കടകളിൽ നിന്നും ഈരാറ്റുപേട്ടയിലെ ഒരു കടയിൽ നിന്നും പഴകിയ മീൻ പിടിച്ചെടുത്ത് മണ്ണെണ്ണയും സോപ്പുപൊടിയും ഉപയോഗിച്ച് നശിപ്പിച്ചു. തുടർനടപടികൾക്ക് റിപ്പോർട്ട് നൽകി.

ഈരാറ്റുപേട്ടയിലെ മറ്റ് രണ്ട് മീൻകടകളിൽ നിയമപരമായ മുദ്രയില്ലാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. രണ്ട് കടകൾക്കും നോട്ടീസ് നൽകുകയും 2000 രൂപ വീതം പിഴയീടാക്കുകയും ചെയ്തു. ആരോഗ്യ വിഭാഗം കോൾഡ് സ്റ്റോറേജിൽ നടത്തിയ പരിശോധനയിൽ 20 കിലോ പഴകിയ ഇറച്ചിയും മീനും പിടിച്ചെടുത്തു. വിപണന കേന്ദ്രമായ മാങ്ങാനത്തെ നിസ്സി കോൾഡ് സ്റ്റോറേജ് അടപ്പിച്ചു.

സാധനങ്ങൾ പായ്ക്കു ചെയ്തു

വച്ചാൽ പിടിവീഴും

പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയിൽ നിയമപരമായ മുന്നറിയിപ്പുകളില്ലാതെ പായ്ക്ക് ചെയ്തു വച്ചിരുന്ന ഭക്ഷ്യസാധനങ്ങൾ പരിശോധനാ സംഘം പിടിച്ചെടുത്തു. 500 ഗ്രാം, 1 കിലോഗ്രാം പായ്ക്കറ്റുകളിലായി സൂക്ഷിച്ചതിനാണ് കേസ്. എന്ന് പായ്ക്ക് ചെയ്തതാണെന്നോ, തൂക്കം എത്രയെന്നോ പായ്ക്കറ്റുകളിലുണ്ടായിരുന്നില്ല. പുറത്ത് വിലവിവരപട്ടിക സ്ഥാപിക്കണമെന്ന നിർദ്ദേശവും പാലിച്ചിരുന്നില്ല. ഉടമയ്ക്ക് നോട്ടീസ് നൽകുകയും 5000 രൂപാ പിഴയീടാക്കുകയും ചെയ്തു. പായ്ക്കിംഗ് പെർമിറ്റ് വാങ്ങിയ ശേഷം മാത്രമേ ചെറുകിട സ്ഥാപനങ്ങളിൽ സാധനങ്ങൾ മുൻകൂട്ടി പായ്ക്ക് ചെയ്ത് വയ്ക്കാൻ പാടുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.
മീനച്ചിൽ തഹസിൽദാർ അഷറഫ്, ഡെപ്യൂട്ടി തഹസിൽദാർ മൻജിത്ത്, ഫിഷറീസ് ഡിപ്പാർട്ടുമെന്റ് എ.ഇ. ഒ ഡോ. യമുന കുര്യൻ, ഫുഡ് സേഫ്റ്റി ഓഫീസർ ബ്ലെസി, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജോമി ജോസ്, മഞ്ചു, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഷിന്റോ എബ്രഹാം എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പരാതിയുള്ളവർക്ക് കൺട്രോൾറൂം നമ്പരായ 04822212325 അറിയിക്കാം. അവധി ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഡെപ്യൂട്ടി തഹസീൽദാർ മൻജിത്ത് അറിയിച്ചു.