കോട്ടയം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് രംഗത്ത്. കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ്, സാമൂഹ്യ നീതി വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാന സമിതി എന്നിവയുടെ സഹകരണത്തോടെ കർമ്മ പരിപാടികൾ ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി 'ഒരു ദിവസം ഒരു രക്ത ദാതാവ് ' എന്ന ലക്ഷ്യത്തിൽ ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് തുടങ്ങി കോട്ടയം ജില്ലയിലെ അഞ്ച് ബ്ലഡ്‌ ബാങ്കുകളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സന്നദ്ധ രക്ത ദാനത്തിന്റെ ആരംഭം ജില്ലാ കലക്ടർ സുധീർ ബാബു, ഡി. എം. ഒ. ഡോ. ജേക്കബ് വർഗീസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്യാപ്സ് ഗവേണിംഗ് ബോഡി അംഗം ബിനോയി കട്ടയിൽ, ജില്ലാ സന്നദ്ധ രക്തദാന സമിതി കൺവീനർ ഷിബു തെക്കേമറ്റം എന്നിവർ കോട്ടയം ജില്ലാ ആശുപത്രിയുടെ ബ്ലഡ്‌ ബാങ്കിൽ നടത്തി. ജില്ലയിലെ എട്ട് പ്രൊഫഷണൽ സോഷ്യൽ വർക്ക്‌ കോളേജുകളും, പ്രാക്റ്റീഷണേഴ്‌സ് തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ ഇതിൽ പങ്കാളികളാകും. ജില്ലയിലെ അഞ്ച് താലൂക്കുകളും കേന്ദ്രീകരിച്ചു കൊവിഡ് പ്രതിരോധ പരിപാടികൾ ജനങ്ങളിലെത്തിക്കാൻ ഹെൽപ് ഡെസ്കും ക്യാപ്സ് കോട്ടയം ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. വിശദാംശങ്ങൾക്ക്: 94006 00823.