കുരുവിക്കൂട്: ലോക്ക്ഡൗണിന്റെ ചട്ടക്കൂടിലൊതുങ്ങി വേനലവധി അടിച്ചുപൊളിക്കാനാകാത്ത കുട്ടികൾ വിരസതയകറ്റി വിളവെടുക്കാൻ കൃഷിയിടങ്ങളിലേക്ക്. നാട്ടുചന്തയിൽ നിന്ന് പച്ചക്കറി വിത്തുകൾ വാങ്ങിയ കുട്ടികൾക്ക് വലിയ ആവേശവും നിറഞ്ഞ പ്രതീക്ഷയും. നൂറുമേനി വിളയിക്കുമെന്ന പ്രതിജ്ഞയോടെ അവർ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. എലിക്കുളം കൃഷിഭവനും, ഗ്രാമപഞ്ചായത്തും, തളിർ പച്ചക്കറി ഉത്പാദക സംഘവും സംയുക്തമായി കുരുവിക്കൂട് നടത്തുന്ന നാട്ടുചന്തയിലാണ് മുതിർന്നവർക്കൊപ്പം കുട്ടികൾക്കും വിത്തു വിതരണം നടത്തിയത്. സാമൂഹിക അകലം പാലിച്ച് കുട്ടികൾ വിത്തുകൾ ഏറ്റുവാങ്ങി.
ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ വിശ്രമിക്കുന്നവർക്ക് പച്ചക്കറിക്കൃഷി ചെയ്യാനായി സർക്കാർ നല്കിയ വിത്തിനങ്ങളാണ് വിതരണം ചെയ്തത്. പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടതെന്ന് നാട്ടുചന്തയുടെ ഭാരവാഹികൾ പറഞ്ഞു. ലോക്ക്ഡൗൺ കാലഘട്ടത്തിലും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് എലിക്കുളം നാട്ടുചന്ത നടക്കുന്നത്. സംഘാടകർ തന്നെ കർഷകരുടെ ഉത്പന്നങ്ങള്‍ വീടുകളിലെത്തി കൈപ്പറ്റിയ ശേഷം നാട്ടുചന്തയിലെത്തിക്കുകയാണ് പതിവ്. തുടർന്ന് ചന്തയിലെത്തുന്ന ഉപഭോക്താക്കളിൽ നാലു പേരെ വീതമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.
സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നാട്ടുചന്ത നടത്തുന്ന ഭാരവാഹികളെ ജില്ലാ കൃഷി ഓഫീസർ അഭിനന്ദിച്ചു. സ്‌കൂള്‍ വിദ്യാർത്ഥിയായ അഭിഷേക് അനിലാണ് ആദ്യ കിറ്റ് ഏറ്റുവാങ്ങിയത്. ചടങ്ങിൽ നാട്ടുചന്ത സംഘാടകരായ ബേബി വെച്ചൂർ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ തുടങ്ങിയവർ പങ്കെടുത്തു.