കോട്ടയം : വീട്ടിൽ ലോക്കാണ്. പുറത്ത് നല്ല ചൂട്. താടിയും മുടിയും വളർന്ന് ഒരുപരുവമായി. ഒറ്റ ബാർബർ ഷോപ്പാകട്ടെ തുറന്നിട്ടുമില്ല. ഇപ്പോൾ മലയോര ഗ്രാമീണ മേഖലകളിൽ മൊട്ടയടിക്കലാണ് തരംഗം. വലിപ്പച്ചെറുപ്പമില്ലാത്ത എല്ലായിടത്തും മൊട്ടക്കൂട്ടങ്ങളാണ്. ഫേസ് ബുക്കിലും വാട്സ് ആപ്പിലും നിറയെ മൊട്ടത്തലയൻമാരുടെ പടങ്ങളും.
അപ്രതീക്ഷിതമായി ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെയാണ് എല്ലാവരും മൊട്ടത്തലയെപ്പറ്റി ചിന്തിച്ചത്. ആണുങ്ങൾ മാത്രമല്ല ഇപ്പോൾ പെണ്ണുങ്ങളും മൊട്ടയടിക്കുന്നുണ്ട്. ട്രിമ്മർ ഉപയോഗിച്ച് പരസ്പരം മൊട്ടയടിക്കുന്നതാണ് പൊതുവേയുള്ള രീതി. ഏതെങ്കിലും ബാർബർമാരെ വീട്ടിൽച്ചെന്ന് കണ്ട് കൈയും കാലുംപിടിച്ച് മൊട്ടയടിക്കുന്നവരുമുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനം കൂടിയായതോടെ ഉദ്യോഗസ്ഥരും മൊട്ടയിലേയ്ക്ക് മാറി. ലോക്ക് ഡൗൺ കഴിയുമ്പോഴേയ്ക്കും മുടി കിളർക്കുമെന്നതിനാൽ തലയ്ക്ക് കിട്ടുന്ന കുളിർമ വേണ്ടെന്ന് വയ്ക്കുന്നില്ല ആരും.
ചിലർ മൊട്ടയടിച്ച് താടിയും മീശയും ക്ളീൻ ഷേവ് ചെയ്യും. ചിലർ താടി മാത്രം സ്റ്റൈലിൽ ഒരുക്കും. മറ്റ് ചിലർ മീശ മാത്രം വയ്ക്കും. ഇങ്ങനെ വെറൈറ്റി മൊട്ടകളാണ് നാട്ടിൽ. തലമുടി വെട്ടുന്നത് പോലുള്ള റിസ്ക് മൊട്ടയടിക്കലിന് ഇല്ലാത്തതിനാൽ ട്രിമ്മറുള്ളവർക്കെല്ലാം ഡിമാൻഡാണ് നാട്ടിൽ. ഷേവിംഗ് സെറ്റ് ഉപയോഗിച്ച് വടിക്കുന്നവരും ചെറുതല്ല.
ഫേസ് ബുക്കിൽ ചലഞ്ച്
ആരെങ്കിലും മൊട്ടയടിച്ച ഫോട്ടോയിട്ട ശേഷം കൂട്ടുകാരെ ചലഞ്ച് ചെയ്യുന്ന മൊട്ട ചലഞ്ചും ഫേസ് ബുക്കിൽ ഇപ്പോൾ ഹിറ്റാണ്. ചലഞ്ച് അംഗീകരിച്ചയാൾ മൊട്ടയടിച്ച ശേഷം മറ്റുള്ളവരെ ചലഞ്ച് ചെയ്യും. ഇതോടെ ഫേസ്ബുക്കിലും വാട്സ് ആപ്പിലും മൊട്ടത്തലയൻമാരെ മുട്ടിയിട്ട് നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. ലോക്ക് ഡൗൺ കഴിഞ്ഞാലും ഭൂരിഭാഗം ബാർബർ ഷോപ്പുകളും അടഞ്ഞുകിടക്കും. മിക്കവരും അന്യസംസ്ഥാനത്തൊഴിലാളികളായതിനാൽ ഇവർ എന്ന് തിരിച്ചുവരുമെന്ന് കടയുടമകൾക്ക് ഉറപ്പില്ല. ഇങ്ങനെ എല്ലാവരും മൊട്ടയടിക്കുന്ന ബാർബർ ഷോപ്പ് ഉടമകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. മുടി കിളിർക്കാൻ കുറഞ്ഞത് രണ്ട് മാസം വേണ്ടി വരുമെന്നതിനാൽ അതുവരെ ആരുംകടയിൽ വരില്ല.