പാലാ : ' എന്റെ കുഞ്ഞു മാണിച്ചാ....' നേർത്ത സ്വരത്തിൽ വിളിച്ച കുട്ടിയമ്മ, കൈയിലിരുന്ന കോളാമ്പിപ്പൂക്കൾ പ്രിയതമന്റെ കല്ലറയിൽ സമർപ്പിച്ച് പൊന്നുമ്മ നൽകി. പിന്നെ ഒരു വേള , പുഞ്ചിരി തൂകുന്ന ആ ഛായാ ചിത്രത്തിലേക്ക് നോക്കി തൊഴുതു പ്രാർത്ഥിച്ച് കുരിശു വരച്ചു. അമ്മയുടെ വിതുമ്പൽ കണ്ട് മകൻ ജോസ്. കെ. മാണിയുടെയും മരുമകൾ നിഷയുടെയും മുഖം വാടി. ദുഃഖം തളം കെട്ടിയ മുഖഭാവത്തോടെ മക്കളും കൊച്ചുമക്കളും പ്രിയപ്പെട്ട അച്ചാച്ചന്റെ ഓർമ്മ ദിനത്തിൽ പാലാ കത്തീഡ്രലിലെ കല്ലറയ്ക്ക് മുന്നിൽ പ്രാർത്ഥനയിൽ മുഴുകി.
കെ.എം.മാണിയുടെ പ്രഥമ ചരമ വാർഷിക ദിനം ഇന്നലെ പ്രാർത്ഥനാനിർഭരമായി പ്രണാമം അർപ്പിച്ച് ഔപചാരികതകളില്ലാതെ ആചരിച്ചു. മാണിയുടെ മരണവിവരമറിഞ്ഞ് കഴിഞ്ഞ ഏപ്രിൽ 9ന് മൂകമായ പാലായിൽ ഇന്നലെയും ആളനക്കമില്ലായിരുന്നു.
രാവിലെ 7.30 ന് കുട്ടിയമ്മയും മകൻ ജോസും ഭാര്യ നിഷയും മക്കളും കല്ലറയിലെത്തി പ്രാർത്ഥിച്ചു. കൊവിഡ് നിയന്ത്രണ വ്യവസ്ഥകൾ കൃത്യമായി പാലിച്ചാണ് മക്കളും കൊച്ചുമക്കളും കബറിടത്തിലെത്തിയത്. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ ഡോ.എൻ.ജയരാജ്, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ,പാലാ നഗരസഭാദ്ധ്യക്ഷ മേരി ഡോമിനിക് എന്നിവരും കല്ലറയിലെത്തി പ്രാർത്ഥിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും മാണിയുടെ വീട്ടിലും കല്ലറയിലുമെത്തിയിരുന്നു.
കേരളകോൺഗ്രസ് എം പ്രവർത്തകർ ഇന്നലെ കാരുണ്യ ദിനമായാണ് ആചരിച്ചത്. നിർദ്ധനരും നിരാംലംബരുമായവർക്കും കിടപ്പ് , രോഗികൾക്കും ഭക്ഷണവും മരുന്നും മറ്റ് സാധനങ്ങളും വിതരണം ചെയ്തു. പഞ്ചായത്തുതല കമ്മ്യൂണിറ്റി കിച്ചണുകളിലേക്കും സഹായം നൽകി.