കോട്ടയം : കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് തൊഴിൽ പഠിക്കാൻ അവസരമൊരുക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ലോക്ക് ഡൗൺ കാലം സൃഷ്ടിപരമായി വിനിയോഗിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ് ) വഴിയൊരുക്കുന്നത്. ജില്ലയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി, ടെക്‌നിക്കൽ,പ്രൊഫഷണൽ തുടങ്ങി എല്ല വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും ലളിതമായി സ്വായത്തമാക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളാണ് അസാപ് ലഭ്യമാക്കുന്നത്. ഹ്രസ്വകാല പരിശീലന കോഴ്‌സുകൾ ഓൺലൈനായി പഠിക്കാം. വിവിധവിഷയങ്ങളിൽ ബിരുദ ബിരുദാനന്തരധാരികൾക്ക് അനുയോജ്യമായതും വ്യവസായലോകത്ത് തൊഴിലവസരങ്ങൾ ലഭ്യമാകുന്നതുമായ വിവിധ മേഖലകളിലെ സാദ്ധ്യതകളെക്കുറിച്ച് അതത് മേഖലകളിലെ വിദഗ്ദ്ധർ അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാറ്റ്‌ഫോമിലൂടെ സംവിദിക്കും. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 11 നും ഉച്ചകഴിഞ്ഞ് 4 നും വിവിധ വിഷയങ്ങളിൽ വെബിനാർ ഉണ്ട്. പ്രവേശനം സൗജന്യമാണ്. ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്‌സുകളും ലഭ്യമാക്കുന്നുണ്ട്. വിവരങ്ങൾക്ക് : www.asapkerala.gov.in / www.skillparkkerala.in.