shrt-flm

ചങ്ങനാശേരി:കൊവിഡ് 19നെതിരെ പ്രതിരോധം തീർത്ത് ഹ്രസ്വചിത്ര ബോധവത്കരണവുമായി ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ അനുമതിയോടെ വാകത്താനം സി.ഐ കെ.പി തോംസൺ, ചങ്ങനാശേരി എസ്.ഐ മാത്യു പോൾ എന്നിവരുടെ നേതൃത്വത്തിലാണ് ഹ്രസ്വചിത്രം നിർമിച്ചത്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചാണ് ഹ്രസ്വചിത്രം. പ്രധാന അഭിനേതാക്കളും കാമറയും എഡിറ്റിങ്ങും ഉൾപ്പെടെയുള്ളവ പൊലീസുകാർ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നാലര മിനിറ്റാണ് ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം. 20 ഓളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ചിത്രീകരണത്തിന് ഒരു മണിക്കൂറാണ് മാത്രമാണ് വേണ്ടിവന്നത്. സി.പി.ഒ പ്രജിത്താണ് രജനയും സംവിധാനവും. സുനിൽ വാകത്താനമാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. സി.ഐ കെ.പി.തോംസൺ, എസ്.ഐ മാത്യു പോൾ, മുൻ പഞ്ചായത്തംഗം രമേശ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.