കോട്ടയം: കൊവിഡ് നിയന്ത്രണത്തിനിടയിൽ കോഴി വില റെക്കാഡിലേക്ക്. ദിവസങ്ങൾക്ക് മുമ്പ് 44 രൂപയിലേക്ക് വീണുപോയ കോഴിവില ഇന്നലെ 129 ലേക്ക് കുതിച്ചു. ഈസ്റ്റർ ആഘോഷം പടിവാതിക്കൽനിൽക്കേ വില 150 ലേക്ക് എത്താനും സാധ്യത ഏറെയാണ്. തമിഴ്നാട്ടിൽ നിന്നും മറ്റും കോഴിയുടെ വരവ് കുറഞ്ഞതോടെ വില ഇനിയും ഉയരുമെന്നാണ് കോഴിക്കച്ചവടക്കാർ പറയുന്നത്. പക്ഷിപ്പനിയെ തുടർന്ന് താറാവുകൾ ചത്തതോടെ താറാവിന് ആവശ്യക്കാർ കുറഞ്ഞിരുന്നു.ഇതും കോഴിവില വർദ്ധിക്കാൻ കാരണമായി. അതേസമയം അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള മാടുകളുടെ വരവും കുറഞ്ഞു.സർക്കാർ സഹായത്തോടെ കേരളത്തിൽ ഇപ്പോൾ പോത്തിൻ കുട്ടികളെ വളർത്തുന്നതിന് വ്യാപകമാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ വളർത്തിയ പോത്തിൻകുട്ടികളാകും ഈസ്റ്ററിന് കൂടുതലായി മലയാളിയുടെ തീൻമേശയിലേക്ക് എത്തുക. 340 രൂപയാണ് മാട്ടിറച്ചി വില. പല സ്ഥലങ്ങളിലും വെട്ടുകാരിൽ നിന്നും എത്തിക്കേണ്ടിവരുന്നതിനാൽ 340 ന് വിറ്റാൽ മുതലാകില്ലെന്നാണ് മാട്ടിറച്ചി കച്ചവടക്കാർ പറയുന്നത്.

മീനിനെ കൈവിട്ട്...

ഈസ്റ്റർ കച്ചവടം മുന്നിൽ കണ്ട് തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും എത്തിച്ച ആഴ്ചകളോളം പഴക്കമുള്ള മീൻ വ്യാപകമായി പിടികൂടിയിരുന്നു. മീൻ വിഭവങ്ങളോട് ഇതോടെ പലർക്കും താത്പര്യം കുറഞ്ഞു. സാധാരണ ഈസ്റ്റർ സമയത്ത് മീൻ വില കുത്തനെ ഉയരുകയാണ് പതിവ്. ഡിമാൻഡ് കുറഞ്ഞതോടെ വില കൂടിയിട്ടില്ല. എന്നാൽ കായൽ മത്സ്യങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. തണ്ണീർ മുക്കം ബണ്ട് അടച്ചതിനാൽ വേമ്പനാട്ടുകായലിൽ നിന്ന് മീൻ ലഭ്യത കുറവാണ്. ഇടത്തരം കരിമീന് വില കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലാണ്. വളർത്തു മീനുകൾക്കും ഇപ്പോൾ ഡിമാൻഡായി. കരിമീന്റെ സ്ഥാനം തിലോപ്പിയ പിടിച്ചെടുത്തു.

സാധാരണ പത്ത് ടൺ പോത്തിറച്ചി ഈസ്റ്റർ വിപണിയിൽ വിറ്റഴിക്കപ്പെടുക. എന്നാൽ ഇത്തവണ ആവശ്യമായതിന്റെ അഞ്ചു ശതമാനം പോലും പോത്തുകളെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല

എ. എ. സ ലിം, മീ റ്റ് ഇൻഡസ്ട്രീസ് വെൽ ഫെയർ അ സോ സി യേ ഷൻ പ്ര സി ഡന്റ്