കോട്ടയം : കൊവിഡിനെ ഒറ്റമാസത്തിനുള്ളിൽ പമ്പകടത്തി കോട്ടയത്തിന്റെ ആരോഗ്യവിഭാഗം. ജില്ലയിൽ രോഗം ആദ്യമായി സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ ആശുപത്രി നിരീക്ഷണത്തിൽ ആരും ശേഷിക്കുന്നില്ല. ഏറ്റവുമൊടുവിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന മൂന്നു പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിയായ 84 കാരനും, ഇടുക്കി സ്വദേശികളായ രണ്ടുപേരുമാണ് സാമ്പിൾ പരിശോധന നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിട്ടത്. ഇവർ ഹോം ക്വാറന്റയിനിൽ തുടരും.
പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരെ വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന ചെങ്ങളം സ്വദേശി റോബിനും ഭാര്യ റീനയും ഇവരുടെ കുട്ടിയും മാർച്ച് എട്ടിനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇവരുടെ ബന്ധുക്കളായ 93 കാരൻ തോമസിനെയും, 88കാരിയായ ഭാര്യ മറിയാമ്മയെയും രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽനിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മാർച്ച് 9 ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. റോബിനും റീനയ്ക്കും രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ജില്ലയായി കോട്ടയം. പിന്നീട് നഴ്സ് രേഷ്മയ്ക്കും രോഗം ബാധിച്ചു. രേഷ്മയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ സഹപ്രവർത്തകരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടർന്ന് ഇവരെയും ഡിസ്ചാർജ്ജ് ചെയ്തു. ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാളുടെ കോട്ടയത്തെ പ്രൈമറി കോൺടാക്ടുകളായ കുട്ടികൾ ഉൾപ്പെടെയുള്ള 12 പേർക്കും രോഗമില്ലെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കരുതലിന്റെ ഫലം
മെഡിക്കൽ കോളേജിന് പുറമെ ജനറൽ ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. അവശ്യ ഘട്ടത്തിൽ ജില്ലയിലെ മറ്റ് സർക്കാർ, സ്വകാര്യ ആശുപത്രികളിലും കൊറോണ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളുടെ ഹോം ക്വാറന്റയിൻ ഉറപ്പാക്കുന്നതിനും രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രി നിരീക്ഷണത്തിലാക്കുന്നതിനും സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിച്ചു.