തലയോലപ്പറമ്പ്: വെള്ളത്തിലാകുമോ ഞങ്ങളുടെ അദ്ധ്വാനം? മുളക്കുളം മേഖലയിലെ നെൽകർഷകരുടെ മനസിൽ ആധിയാണ്. കൊയ്യാൻ പാകമായ നെൽചെടികൾ ഓരോ നിമിഷവും വെള്ളത്തിൽ മുങ്ങുകയാണ്. കനാൽ തുറന്നു വിട്ടത് മൂലം മുളക്കുളം ഇടയറ്റ് പാടശേഖരത്തിലെ ഒതളം, തലവടി തുടങ്ങിയ സ്ഥലങ്ങളിലെ നൂറോളം ഏക്കർ പാടശേഖരമാണ് വെള്ളത്തിലായത്. കൊയ്ത്ത് യന്ത്രം ലഭിക്കാതെ കർഷകർ വിഷമിക്കുന്ന സമയത്താണ് മറ്റൊരു ഇരുട്ടടിയായി കനൽ തുറന്നു വിട്ടത്. എം.വി.ഐ.പിയുടെ മങ്ങോലി പെരുവ ഉപകനാലാണ് ഇന്നലെ തുറന്നത്. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ പാടത്ത് വെള്ളം നിറഞ്ഞിരുന്നു.കർഷകർ മോട്ടോർ ഉപയോഗിച്ച് വറ്റിക്കുന്നതിനിടയിലാണ് കനാൽ വെള്ളവും തുറന്നുവിട്ടത്. കുടിവെള്ളത്തിനായാണ് കനാൽ തുറന്നതെന്നാണ് അധികൃതരുടെ വാദം. വടുകുന്നപ്പുഴ ഭാഗത്ത് കനാൽ അവസാനിക്കുന്നിടത്ത് നിന്നുമാണ് വെള്ളം പാടശേഖരത്തേക്ക് കയറിയത്. എം.വി.ഐ.പി.അധികൃതരുടെ അനാസ്ഥയാണ് വെള്ളം പാടത്തേക്ക് കയറാൻ കാരണമെന്ന് പാടശേഖരസമിതി ആരോപിച്ചു.