പാലാ: ഈ കൊവിഡ്ക്കാലത്ത് മാണിസാർ ജീവിച്ചിരുന്നെങ്കിൽ ജനങ്ങളെ കാണാൻ കഴിയാത്ത വിഷമത്തിൽ അദ്ദേഹം വലഞ്ഞുപോയെനെ .....
എഴുതുന്നത് കെ.എം മാണിയുടെ മരുമകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന എം.പി. ജോസഫ്. ആൾക്കൂട്ടമില്ലെങ്കിൽ മാണിസാർ ഏറെ അസ്വസ്ഥനാകുമായിരുന്നൂവെന്നും അദ്ദേഹം തുടർന്നു. ജോസഫ് എഴുതിത്തുടങ്ങിയ സ്വന്തം ജീവിതകഥ ' ചരിത്രത്തിനൊരു ദൃക്സാക്ഷി' എന്ന പുസ്തകത്തിലെ വലിയൊരു ഏട് അമ്മായിഅച്ഛനായി മാറ്റിവച്ചിരിക്കുകയാണ്. 'പൊതുജീവിതത്തിൽ ഞാൻ കണ്ട മാണിസാർ തന്നെയായിരുന്നു കുടുംബ ജീവിതത്തിൽ ഞാൻ അടുത്തറിഞ്ഞ അമ്മായിയപ്പൻ – ഭാര്യാപിതാവ് പ്രതിപക്ഷത്തിരിക്കുമ്പോൾ എതിരാളികളുടെ നയം നടപ്പിലക്കേണ്ടി വന്ന മരുമകനാണ് ഞാൻ ' ജോസഫ് എഴുതുന്നു. ''ഞാൻ കണ്ട മാണിസാർ' എന്ന തലക്കെട്ടിൽ സ്വന്തം അനുഭവങ്ങൾ ഇഴ ചേർത്ത് കെ.എം മാണിയുടെ വാങ്മയ ചിത്രം വരയ്ക്കുകയാണീ മുതിർന്ന ഐ. എ.എസ് ഉദ്യോഗസ്ഥൻ. മരുമകൻ എന്നനിലയിൽ മാണി സാറിനൊപ്പമുള്ള യാത്രകളും മറ്റും ജോസഫ് പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. പൊതുജീവിതത്തിലും കുടുംബ ജീവിതത്തിലും ഒരുപോലെ പരിശുദ്ധി കാത്തുസൂക്ഷിച്ച, ഇരട്ട മുഖങ്ങളില്ലാതിരുന്ന ഒരു മനുഷ്യൻ.. ഒരേയൊരു മാണിസാർ എന്നാണ് എം.പി ജോസഫ് പറഞ്ഞുനിറുത്തുന്നത്.