കോട്ടയം : ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് കോട്ടയം നഗരത്തിൽ എത്തിച്ച 2500 കിലോ പഴകിയ മീൻ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഗാന്ധിനഗറിൽ നിന്നാണ് മീൻ പിടിച്ചെടുത്തത്. കന്യാകുമാരിയിൽ നിന്ന് കൊണ്ടുവന്ന രണ്ടര ടൺ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പാലായിലെയും, ഏറ്റുമാനൂർ മാർക്കറ്റിലെയും മൊത്തവ്യാപാരിയ്ക്ക് വേണ്ടിയാണ് തമിഴ്നാട് രജിസ്ട്രേഷനുള്ള സാദാ കണ്ടെയ്നർ ലോറിയിൽ മത്സ്യം എത്തിച്ചത്.

ഏറ്റുമാനൂരിൽ മീൻ ഇറങ്ങിയ ശേഷം ഗാന്ധിനഗർ ബിവറേജിന് സമീപത്തെ ഗോഡൗണിലേയ്ക്ക് ലോറി ഇടവഴികളിലൂടെ കൊണ്ടു വരികയായിരുന്നു. ഇതിനിടെ ലോറിയിൽ നിന്ന് അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ വിവരം നഗരസഭ അധികൃതർക്ക് കൈമാറി. തുടർന്ന് ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു സി.കിഴക്കേടം, രഞ്ജൻ, നഗരസഭ ആരോഗ്യവിഭാഗത്തിലെ ഹെൽത്ത് സൂപ്പർവൈസർ വിദ്യാധരൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി.എ തങ്കം, ജേക്കബ്‌സൺ, ശ്യാം എന്നിവർ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. അഞ്ചു ദിവസം മുൻപാണ് ലോറി തമിഴ്‌നാട്ടിൽ നിന്ന് പുറപ്പെട്ടത്. ശീതീകരിക്കാത്ത കണ്ടെയ്‌നറിലാണ് മീൻ സൂക്ഷിച്ചിരുന്നത്. മീനിന് മാസങ്ങളോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.