പൊൻകുന്നം : ലോക്ക്ഡൗൺ മൂലം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഭർത്താക്കന്മാർ വിട്ടിലിരിക്കുന്നു. ആദ്യമൊക്കെ ഭാര്യമാർക്ക് സന്തോഷമായിരുന്നു. ഇപ്പോൾ അതുമാറി. വെറുതെ ഇരുന്ന് ബോറടിക്കുന്ന ഭർത്താവും ഭർത്താവിന്റെ സ്ഥിരസാന്നിദ്ധ്യം കൊണ്ട് ബോറടിക്കുന്ന ഭാര്യയും. ഇതാണ് വീടുകളിൽ ഇപ്പോഴത്തെ കാഴ്ച.
ഇതെങ്ങനെയെങ്കിലും ഒന്നവസാനിച്ചു കിട്ടിയാൽ മതിയായിരുന്നു എന്നാണ് ഇരുകൂട്ടരടേയും പ്രാർത്ഥന. ലോക്ക്ഡൗൺ കാലത്ത് ഭാര്യയെ സഹായിക്കാൻ അടുക്കളയിൽ കയറിയവരിൽ ഏറെയും പൂർണ പരാജയം. ഭാര്യ എടുത്തുകൊടുക്കുന്ന പച്ചവെള്ളത്തിന് പോലും കുറ്റം പറയുന്ന ഭർത്താക്കന്മാർക്ക് സ്വയം പാചകം ചെയ്യാനുള്ള അവസരമാണ് വീണുകിട്ടിയത്. ഇങ്ങനെ പരീക്ഷണം നടത്തിയ പലരും ഒരു ചമ്മന്തി അരയ്ക്കാൻപോലും തങ്ങൾക്കറിയില്ലെന്ന സത്യം മനസിലാക്കി അടിയറവു പറയുന്നു. ഇപ്പോൾ മുമ്പിൽ കിട്ടുന്ന ആഹാരം എന്തായാലും ഒരക്ഷരം പറയാതെ കഴിച്ചിട്ടു പോവുകയാണ്. ഇതൊക്കെകണ്ട് ഭാര്യമാർ ചിരിക്കുന്നു. മധുരപ്രതികാരത്തിന്റെ മന്ദഹാസം.
എന്നാൽ ചിലർ നല്ല സൂപ്പർ പാചകക്കാരുമാണ്. ഇങ്ങനെയുള്ളവരെ അടുക്കള ഏല്പിച്ച് സഹായി ആയി മാറുകയാണ് ഭാര്യമാർ. ചുരുക്കം ചില വീടുകളിൽ സംഗതി നേരെ മറിച്ചാണ്.ജോലിയുള്ള ഭാര്യമാരും വീട്ടിലിരിക്കുന്ന പുരുഷന്മാരും. ഭാര്യയും ഭർത്താവും ജോലിക്കാരായവരെ ലോക്ക് ഡൗൺ ഒന്നിച്ച് വീട്ടിലാക്കി. ഭാര്യയും ഭർത്താവും എന്നും വീട്ടിൽതന്നെ കഴിയുന്നവരുമുണ്ട്.ഇവരെ സംബന്ധിച്ചിടത്തോളം കാട്ടകോഴിക്കണ്ടോ ഓണവും സംക്രാന്തീം എന്നത് പോലാണ്. വീട്ടമ്മമാർക്ക് ഇതുവരെ പാലിച്ചപോന്ന ദിനചര്യകളെല്ലാം അടിമുടി തെറ്റി.ഒരു യന്ത്രംകണക്കേ ചലിച്ചുകൊണ്ടിരുന്നതാണ്.രാവിലെ ജോലിക്കപോകുന്ന ഭർത്താക്കന്മാർക്കും സ്‌കൂളിൽപോകുന്ന കുട്ടികൾക്കുംവേണ്ടി ആഹാരമടക്കമുള്ളതെല്ലാം ഒരുക്കിക്കൊടുക്കുന്നത് ഒരു ചിട്ടയായ പ്രവർത്തനമായിരുന്നു.ഇപ്പോൾ എല്ലാം താളംതെറ്റി.
രാവിലത്തെ പൂരം കഴിഞ്ഞാൽ പിന്നെ വൈകുന്നതുവരെ സ്വസ്ഥമായി ഇരിക്കാമായിരുന്നു.ഇതിനിടെ തുണി അലയ്ക്കാനും തൂത്തുവാരാനും അയൽക്കാരുമായി സൊറപറയാനുമൊക്കെ നേരം കണ്ടെത്തിയിരുന്നു. വീട്ടുകാരെയും പഴയ കൂട്ടുകാരെയുമൊക്കെ ഫോണിൽ വിളിക്കാനും സമയമുണ്ടായിരുന്നു.ഇപ്പോൾ ഒന്നിനും നേരമില്ല.ടി.വി.കാണാൻപോലും പറ്റുന്നില്ല.റിമോട്ട് ഭർത്താവും കുട്ടികളും കയ്യടക്കിയിരിക്കുകയാണ്.
എന്തിനും ഏതിനും ഭാര്യമാരെ കുറ്റം പറഞ്ഞിരുന്ന ഭർത്താക്കന്മാരും പാഠം പഠിച്ചു.
തുണി അലക്കൽ,മുറ്റമടിക്കൽ,ചെടി നനയ്ക്കൽ,പച്ചക്കറി കൃഷി തുടങ്ങി വീട്ടമ്മമാർ ചെയ്തിരുന്ന പണികളെല്ലാം നിസാരമെന്നു കരുതിയിരുന്നവർ തിരുത്തി.വലിയസൗകര്യങ്ങളില്ലാത്ത വീടുകളിൽ വെള്ളം കാരുന്നതും വിറകുവെട്ടുന്നതുമൊക്കെ സ്ത്രീകളായിരുന്നു.ഇതൊന്നുംതന്നെ വീട്ടിലെ പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നില്ല. നിത്യത്തൊഴിലഭ്യാസം എന്നപോലെ സ്ത്രീകൾക്ക് എല്ലാം നിസാരം. പകലന്തിയോളം ഒറ്റക്ക് വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് ഭക്ഷണക്കാര്യത്തിലും നിർബന്ധവും കൃത്യനിഷ്ഠയുമില്ല. എന്തെങ്കിലും കഴിച്ചാൽ മതി. ഇപ്പോൾ അങ്ങനെയല്ല. ഭർത്താവിനും കുട്ടികൾക്കും സമയാസമയങ്ങളിൽ വേണ്ടതൊക്കെ ഉണ്ടാക്കിക്കൊടുക്കണം. മദ്യപാനമില്ല,ഒന്നു പുകവലിക്കാൻ പോലും കഴിയുന്നില്ല. ലോക്ക്ഡൗൺ മൂലം വീട്ടിലിരിക്കുന്ന പുരുഷന്മാർ കൂട്ടിലടച്ച കിളിയെപ്പോലെയാണെങ്കിൽ സർവസ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരെപ്പോലെ സ്ത്രീകളും.