10 പേർ അറസ്റ്റിൽ ,സ്‌ത്രീകൾ അടക്കം 25 ഓളം പേർക്കെതിരെ കേസ്

കോട്ടയം : തെക്കുംഗോപുരത്ത് അഗ്നിരക്ഷാസേന നടത്തിയ അണുനശീകരണത്തിന്റെ പേരിൽ കൊവിഡെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. സംഭവവുമായി ബന്ധപ്പെട്ട് വേളൂർ മാണിക്കുന്നം ചെമ്പോട് വീട്ടിൽ ഹരീഷ് ബാബു മകൻ സി.എച്ച് ജിതിൻ (33), കൊല്ലാട് പ്‌ളാന്മുട്ടിൽ ജോസഫ് ജോർജ് (26) , കല്ലുപുരയ്ക്കൽ അറുവക്കണ്ടത്തിൽ സുനിൽ ബാബു (42) , മാണിക്കുന്നം പഞ്ഞിപ്പറമ്പിൽ ജയൻ (42), വേളൂർ കല്ലുപുരയ്ക്കൽ വലിയ മുപ്പതിൽ ചിറ നിഖിൽ (35), തിരുവാതുക്കൽ വെളിയത്ത് അജോഷ് (36) , വേളൂർ പാണംപടി അശ്വതി ഭവൻ അനീഷ് (35), മാണിക്കുന്നം പുറക്കടമാരി വൈശാഖ് (23) , പുന്നയ്ക്കൽ മറ്റം ജിജോപ്പൻ (35) , തെക്കും ഗോപുരം സാഗരയിൽ ശ്രീജിത്ത് (23) എന്നിവരെ കഴിഞ്ഞ ദിവസം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ർടർ എം.ജെ അരുൺ അറസ്റ്റ് ചെയ്‌തിരുന്നു.

കഴിഞ്ഞ ദിവസമാണ് തെക്കുംഗോപുരം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിൽ അഗ്നിരക്ഷാ സേന അണുനശീകരണം നടത്തുന്ന വീഡിയോ, തബ് ലീഗ് കോവി‌ഡ‌് കോട്ടയത്തും എന്ന തലക്കെട്ടോടെ പ്രചരിക്കുകയായിരുന്നു. ഇതിനെതിരെ തെക്കുംഗോപുരം അൽ അറാഫാ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി മുസ്‌തഫ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് പരാതി നൽകി. തുടർന്ന് അന്വേഷണത്തിനായി ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ,എസ്.ഐ ടി.ശ്രീജിത്ത് എന്നിരെ നിയോഗിച്ചു. പള്ളിയ്‌ക്ക് സമീപത്തെ ടയർ കടയിലെ അന്യസംസ്ഥാന തൊഴിലാളിയാണ് വീഡിയോ പകർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കടയുടമയ്ക്ക് വീഡിയോ അയച്ചതായും, ഇദ്ദേഹം ഇത് മകൻ ജിതിന് ഷെയർ ചെയ്തു. വീഡിയോയ്ക്കൊപ്പം അടിക്കുറുപ്പ് കൂടി ചേർത്ത് പ്രചരിപ്പിച്ചത് ജിതിനാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്. മാതൃ ശാഖ , പാണംപടി എഡിഎസ് , ഇല്ലം ,മണിപ്പുഴ, ഓൾ കോട്ടയം എന്നീ ഗ്രൂപ്പുകളിലും വ്യാജവാർത്ത പ്രചരിച്ചു. വീഡിയോ ഷെയർ ചെയ്‌ത സ്‌ത്രീകൾ അടക്കമുള്ള ഇരുപത്തിയഞ്ചോളം പേർ നിരീക്ഷണത്തിലാണ്.

ഒരു ലക്ഷം രൂപയുടെ ഫോണും പോയി

വാട്‌സ് ആപ്പിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പത്തു പേരുടെയും ഫോൺ പൊലീസ് പിടിച്ചെടുത്തു. 10000 മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ഫോണുകളിൽ നിന്നാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ഫോണുകൾ കോടതിയിൽ സമർപ്പിക്കും. ഒരുമാസം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.