പാലാ: വേദനകൾ വകവയ്ക്കാതെ വിജയൻനായർ ജോലിത്തിരക്കിലാണ്. കിഴതടിയൂർ ബാങ്ക് അഭയം സമൂഹ അടുക്കളയുടെ കലവറക്കാരന്റെ റോൾ ഏറ്റെടുത്തിരിക്കുകയാണ് ഈ 75കാരൻ. കേറ്ററിംഗുമായി ബന്ധപ്പെട്ട തൊഴിലായിരുന്നു വിജയൻനായരുടേത്. കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. മുട്ടിനു തേയ്മാനമടക്കമുള്ള അസ്വസ്ഥതകളായിരുന്നു കാരണം. ദിവസവും കുറഞ്ഞത് 350 പേർക്കുള്ള സൗജന്യ ഉച്ചഭക്ഷണം തയ്യാറാക്കണം. വൈകിട്ടു അത്രയും പേർക്കു ചപ്പാത്തി മുട്ടക്കറി അല്ലെങ്കിൽ കിഴങ്ങുകറി എന്നിവയും തയ്യാറാക്കണം. അദ്ദേഹത്തോടൊപ്പം മകൻ അനിലും മരുമകൻ സുരേഷും ചേർന്നിട്ടുണ്ട്. പി.ജി അജിത്തും എം.ജി രാജുവും എ.എസ് ജയപ്രകാശും ബാബു വരിക്കയിലും ഇവർക്ക് സഹായവുമായി ഒപ്പമുണ്ട്. പാലായിൽ നിരവധിപ്പേരുടെ വിശപ്പകറ്റുകയാണ് ഇവരുടെ കൂട്ടായ്മ. ലാലിച്ചൻ ജോർജ്, പി.എം ജോസഫ്, എ.എസ് ജയപ്രകാശ്, കെ.അജി, എം.എസ് ശശിധരൻ, ബിജു വർക്കി, ഒ.എം മാത്യു, ഷാർളി മാത്യു, കെ.കെ ഗിരീഷ്, മാലിനി അരവിന്ദ്, പി.സുഭാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്. രഞ്ജിത് സന്തോഷിന്റെ നേതൃത്വത്തിലുള്ള യുവാക്കളാണ് ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്നത്.