കോട്ടയം : കൊവിഡ് നിയന്ത്റണത്തിനിടയിൽ വന്ന പീഡാനുഭവ വാരാചരണം കോട്ടയത്തെ ക്രൈസ്തവസമൂഹത്തിന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത പീഡാനുഭവമായി. ഇന്നലെ ദു:ഖവെള്ളി ദിവസം ദേവാലയങ്ങളിൽ എത്തേണ്ട വിശ്വാസിസമൂഹം വീടുകളിൽ തന്നെ കഴിഞ്ഞുകൂടി. പള്ളികൾ അടച്ചിട്ടതോടെ കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം, നീന്തു നേർച്ച, കുരിശുചുംബനം, കയ്പ് നീര് പാനം ചെയ്യൽ തുടങ്ങിയ ചടങ്ങുകളൊന്നും നടന്നില്ല. കാർമികനും ശുശ്രൂഷകരും മാത്രം ചേർന്ന് ദു:ഖ വെള്ളി തിരുക്കർമ്മങ്ങൾ പൂർത്തിയാക്കി.
പീഡാനുഭവ വായനയും ദു:ഖവെള്ളി സന്ദേശവുമൊക്കെ ഓൺലൈനിൽ വീട്ടിലിരുന്ന് കാണാവുന്ന സംവിധാനമുണ്ടായിരുന്നു. എന്നാൽ മുഴുവൻ പള്ളികളിലും ഈ സംവിധാനമൊരുക്കാനായില്ല.മുൻവർഷങ്ങളിൽ കുടമാളൂർ പള്ളിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പീഡാനുഭവവാരം മുഴുവൻ നീന്തു നേർച്ചയ്ക്ക് എത്തിയിരുന്നു. വാഗമൺ കുരിശുമല ,വല്യച്ചൻ മല ഉൾപ്പെടെ നീന്തിയും നടന്നും ആയിരങ്ങൾ കുരിശിന്റെ വഴി ചൊല്ലിയിരുന്നത് ഈ വർഷം ഓർമ്മയായി. പെസഹാ ദിവസവും കാൽകഴുകൽ ശുശ്രൂഷയും പൊതുആരാധനയും ഒഴിവാക്കി. കുരുത്തോല പെരുന്നാളും നടന്നില്ല. കഴിഞ്ഞ വർഷം നൽകിയ കുരുത്തോല ഉപയോഗിക്കാനായിരുന്നു നിർദ്ദേശം. വൻ തുക സ്തോത്രക്കാഴ്ചയായി പള്ളികൾക്ക് ലഭിച്ചിരുന്നതും ഇല്ലാതായി.
മദ്യമില്ല,നിറം മങ്ങി ഈസ്റ്ററും
നോമ്പിന്റെ സമാപനമായ നാളത്തെ ഈസ്റ്റർ ആഘോഷവും നിറംമങ്ങി. ബിവറേജും ബാറും അടച്ചതിനാൽ മദ്യമില്ലാത്ത ഈസ്റ്ററായി. മുന്നറിയിപ്പില്ലാതെ മദ്യശാലകൾ അടച്ചതിനാൽ നേരത്തേ സ്റ്റോക്ക് ചെയ്യാൻ കഴിഞ്ഞില്ല. കാന്റീൻ അടച്ചതിനാൽ മിലിട്ടറി ക്വാട്ടയും ലഭ്യമല്ല. വൈൻ പോലുമില്ലാത്ത ആദ്യ ഈസ്റ്ററായി ഇത്തവണത്തേത്.
ഭക്ഷണപ്രേമികളുടെ കൈപൊള്ളും
കഴിഞ്ഞ ദിവസങ്ങളിൽ ചീഞ്ഞഴുകിയ മത്സ്യം വ്യാപകമായി പിടികൂടിയതോടെ പലരും ഈസ്റ്ററിന് മീൻ വിഭവങ്ങൾ ഒഴിവാക്കുകയാണ്. ഈസ്റ്ററിന് രണ്ടു ദിവസം മുമ്പേ പോത്തിനെയും കാളയെയും വെട്ടി ഇറച്ചിക്കച്ചവടം പൊടിപൊടിക്കേണ്ടതാണ്. അതിർത്തികൾ അടച്ചതോടെ ഇവയെ കൊണ്ടുവരാൻ കഴിയാതെയായി.ഈ സാഹചര്യത്തിൽ കോഴി വിലയും ഉയർന്നു. ഇതോടെ ഭക്ഷണപ്രേമികളുടെ കൈപൊള്ളുമെന്ന കാര്യവും ഉറപ്പായി.