പാലാ: മഹാരാഷ്ട്രയിൽ സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്‌സുമാരുടെ ആശങ്ക പരിഹരിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ ഉറപ്പുനൽകിയതായി മാണി.സി.കാപ്പൻ എം.എൽ.എ അറിയിച്ചു. മഹാരാഷ്ട്രയിൽ നഴ്‌സുമാർ അനുഭവിക്കുന്ന ദുരിതങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മാണി.സി.കാപ്പൻ ശരത് പവാറുമായി ടെലിഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞത്.

കൊവിഡ് 19 ബാധിച്ചവരെ ചികിത്സിക്കുന്ന ചില ആശുപത്രികളിൽ സുരക്ഷാ കവചങ്ങൾ പോലും നൽകാതെ നഴ്‌സുമാരെ പരിചരണത്തിന് നിയോഗിക്കുന്നതായി നഴ്‌സുമാരുടെ കുടുംബാംഗങ്ങൾ എം.എൽ.എയോടു പരാതിപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ കൊവിഡിനു ചികിത്സ നൽകുന്ന ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് സുരക്ഷാ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും മാണി.സി.കാപ്പൻ ശരത്പവാറിനോട് അഭ്യർത്ഥിച്ചു.