കോട്ടയം: ലോക്ക് ഡൗൺ കാലത്ത് കാറിലും വാഹനങ്ങളിലുമെത്തി മാലിന്യം തള്ളുന്നത് കുറഞ്ഞതോടെ നഗരം ക്ലീൻ. ലോക്ക് ഡൗൺ കാലം പൂർത്തിയാകുമ്പോൾ നഗരത്തിലെ മാലിന്യപ്രശ്‌നം 90 ശതമാനവും പരിഹരിക്കുമെന്നാണ് വിലയിരുത്തൽ.
നഗരത്തിൽ ഏറ്റവും കൂടുതൽ മാലിന്യം തള്ളിയിരുന്നത് എം.ജി റോഡിലും ഈരയിൽക്കടവ് റോഡിലുമായിരുന്നു. എം.ജി റോഡിൽ പച്ചക്കറി മാർക്കറ്റിൽ നിന്നുള്ള അവശിഷ്‌ടങ്ങൾക്കൊപ്പം ഇറച്ചിക്കടകിൽ നിന്നുള്ള മാലിന്യങ്ങളും വൻതോതിൽ തള്ളിയിരുന്നു. വാഹനങ്ങളിൽ എത്തിയവും വീടുകളിൽ നിന്നുള്ള ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങൾ ഇവിടെ തള്ളിയിരുന്നത്. എം.ജി റോഡിൽ മാത്രം പ്രതി ദിനം മുപ്പത് കിലോയെങ്കിലും മാലിന്യം ഇത്തരത്തിൽ തള്ളിയിരുന്നതായാണ് നഗരസഭ കണ്ടെത്തിയിരുന്നത്. എം.ജി റോഡരികിലെ രണ്ടു പാടശേഖരങ്ങൾ പോലും ഇത്തരത്തിൽ മാലിന്യം തള്ളി മൂടിയിട്ടുണ്ട്. ഇതിനിടെയാണ് ലോക്ക് ഡൗൺ എത്തിയത്.
5 കിലോ
ഇപ്പോൾ എംജി റോഡിൽ പ്രതിദിനം തള്ളുന്ന മാലിന്യത്തിൻ്റെ അളവ് അഞ്ചു കിലോയിൽ താഴെയായി കുറഞ്ഞു. പച്ചക്കറി മാർക്കറ്റ് പ്രവർത്തിച്ചിട്ടുപോലും ഇവിടെ കാര്യമായ മാലിന്യമില്ല. ദുർഗന്ധമാണെങ്കിൽ നേരിയ അളവിൽ പോലും ഇല്ല. മാലിന്യത്തിൽ നിന്നുള്ള ഭക്ഷണമില്ലാതായതോടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ്‌ക്കൾ മാത്രമാണ് ഇപ്പോൾ ഇവിടുത്തെ ഭീഷണി.
ഈരയിൽക്കടവ് റോഡിലും നിലവിൽ കാര്യമായ മാലിന്യമില്ല. കഴിഞ്ഞ പ്രളയകാലത്ത് മാത്രം ടൺ കണക്കിന് മാലിന്യമാണ് ഇവിടെ അടിഞ്ഞത്..