കോട്ടയം : ലോക്ക് ‌ഡൗൺ കാലത്ത് വീട്ടുതടങ്കലിലായ മത്തായിച്ചൻ കടന്നു പോയത് ഒരു തുള്ളി മദ്യം കിട്ടാത്ത ആദ്യ ഈസ്റ്റർ പീഡാനുഭവത്തിലൂടെയാണ്. ആയിരം സൂര്യ ചന്ദ്രന്മാരെ കണ്ടിട്ടും ഒരു തുള്ളി വൈൻ പോലും നാക്കിൽ തൊടാൻ കിട്ടാത്ത ആദ്യ ഈസ്റ്ററിൽ ദൈവത്തിന് സ്തുതി പറയാൻ മറിയാമ്മ പറഞ്ഞപ്പോൾ മനസിൽ പറഞ്ഞത് വേറെയാണ്.

ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി അമ്പതു നൊയമ്പെടുത്താലും ഒരിക്കലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ദു:ഖവെള്ളി വരെ എങ്ങനെയും പിടിച്ചു നിൽക്കും.പിന്നെ ദു:ഖം തീർക്കാൻ അടി തുടങ്ങും. ഈസ്റ്ററിനായിരിക്കും പിന്നെ തലപൊക്കുക. എന്നാൽ, ഇത്തവണ കൊവിഡ് എല്ലാംതകിടം മറിച്ചു.

ചില്ലറ മദ്യവിൽപ്പന ശാലകൾ മുന്നറിയിപ്പില്ലാതെ അടച്ചതിനാൽ വേണ്ടതുപോലെ സ്റ്റോക്കുചെയ്യാനായില്ല. കാന്റീൻ അടച്ചതിനാൽ മിലിട്ടറിയുമില്ലാതായി. പഴയ ഓർമ്മയിൽ വാറ്റാൻ തീരുമാനിച്ച് കാര്യങ്ങൾ ഒരുവിധം കരയ്ക്ക് അടുപ്പിച്ചപ്പോഴാണ് മാനത്ത് എക്സൈസിന്റെ

ഡ്രോൺ പറന്നത്. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്ന അവസ്ഥ. അച്ചന്മാരുടെ കൈയിൽ വൈൻ സ്റ്റോക്കുകാണുമായിരിക്കും. നാക്കേലൊന്ന് തൊട്ടാൽ മതിയായിരുന്നു...

മത്തായിച്ചന്റെ ആത്മഗതം നീണ്ടപ്പോൾ മറിയാമ്മ അടുക്കളയിൽ നിന്ന് പാഞ്ഞെത്തി.

മനുഷ്യാ... ചുമ്മതിരിക്കാതെ ഈ പോത്തിറച്ചി ചെറുതാക്കി താ. കൊവിഡ് തിരക്ക് കൂടിയപ്പം അവന്മാര് ചെറുതാക്കി തന്നില്ല. പിന്നെ ആ സവാള ഒന്നു പൊളിച്ചു തരണം. എല്ലാം കൂടിയിട്ട് ഇളക്കി നിങ്ങളിന്ന് പോത്തൊന്ന് ഒലത്ത്. എങ്ങനെ ഒണ്ടെന്ന് നോക്കട്ടെ...

മറിയാമ്മയെ നോക്കി രണ്ട് ചീത്ത പറയാൻ തോന്നിയെങ്കിലും കൊവിഡിനെക്കുറിച്ച്

അലോചിച്ച് മത്തായിച്ചൻ സാമൂഹ്യഅകലം പാലിച്ചു !