local

ഇത്തിത്താനം : നീങ്ങാതെ തടസങ്ങൾ. ആശങ്കകൾക്കിടയിലൂടെയാണ് കൃഷ്ണങ്കരി കട്ടക്കുഴി പാടശേഖരത്തിൽ കൃഷിയിറക്കിയ കർഷകർ ഓരോ നിമിഷവും തള്ളിനീക്കുന്നത്. നെല്ല് വിളഞ്ഞ് പാകമായിട്ടും പാടശേഖരത്തിലെ കൊയ്ത്ത് ഇനിയും ആരംഭിച്ചിട്ടില്ല. കൊയ്ത്തു യന്ത്രം ലഭിക്കാത്തതാണ് ഇപ്പോൾ പ്രതിസന്ധി തീർക്കുന്നത്. റെയിൽവേ സ്ഥാപിച്ചിരുന്ന ഫെൻസിംഗ് ആയിരുന്നു ആദ്യം തടസം. ജില്ല കളക്ടർ ഇടപെട്ട് റെയിൽവേ ഫെൻസിംഗ് നീക്കി നൽകിയിരുന്നു. വേനൽ മഴ പെയ്തത് മൂലം കൊയ്ത്ത് മിഷ്യൻ ഇറങ്ങാൻ ആവാത്ത സ്ഥിതിയിലായി.വെള്ളം വറ്റി കൊയ്യാം എന്നായപ്പോൾ കൊയ്തുയന്ത്രം ലഭിക്കാത്ത അവസ്ഥയായി. നൂറ് ഏക്കർ വരുന്ന പാടശേഖരത്തിലെ നെല്ലാണ് മിഷ്യൻ ലഭിക്കാത്തതിനാൽ കൊയ്യാനാവാതെ കിടക്കുന്നത്.

ഒഴിയാത്ത ആശങ്ക

ഇപ്പോൾ മഴമൂലം പിടന്നുവീണ നെല്ല് കിളിർത്ത നിലയിലാണ്. ഇനിയും മഴ വന്നാൽ ബാക്കി നെല്ല് കൂടി നശിച്ചു പോകും. ബന്ധപ്പെട്ടവർ ഇടപെട്ട് കൊയ്ത്ത് മെഷീൻ ലഭ്യമാക്കണമെന്ന് കർഷക സമിതി പ്രസിഡന്റ് കെ ജി രാജ്‌മോഹൻ,പഞ്ചായത്തംഗം ബി.ആർ മഞ്ജീഷ്,നാരായണൻ നായർ, ശശികുമാർ തുടങ്ങിയവർ ആവശ്യപ്പെട്ടു.