പൊൻകുന്നം:കൊവിഡ് 19നെതിരെ ബോധവത്ക്കരണ സന്ദേശവുമായി പത്താം ക്ലാസ് വിദ്യാർഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ ആദർശ് സ്റ്റാലുവാണ് ശ്രദ്ധേയമായ വീഡിയോ പോസ്റ്റ് ചെയ്തത്. കൊവിഡിനെ പ്രതിരോധിക്കാൻ കൈക്കെള്ളേണ്ട പൊതുവായ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നതിനൊപ്പം ആദർശിന്റെ സ്വന്തമായ ചില അഭിപ്രായ നിർദ്ദേശങ്ങളും മുന്നോട്ടുവെയ്ക്കുന്നു.കൊവിഡ് 19 മൂലം വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന സ്തംഭനം പുതിയ അദ്ധ്യായന വർഷത്തെ ബാധിക്കാതിരിക്കാൻ അടുത്ത വർഷത്തെ ടെക്സ്റ്റ്ബുക്ക് പി.ഡി.എഫ് ഫോർമാറ്റിൽ സമഗ്രവഴി കുട്ടികളിലെത്തിക്കുക,ഒപ്പം സംശയങ്ങൾ ഓൺലൈനിലൂടെ പരിഹരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തുക.അവശതയനുഭവിക്കുന്നവർക്ക് മരുന്നുകളും മറ്റ് അവശ്യസേവനങ്ങളും ലഭ്യമാക്കുന്നതിന് യുവാക്കളുടെ സന്നദ്ധസേന രൂപീകരിക്കുക,ഇന്റർനെറ്റും കേബിൾ സാറ്റലൈറ്റ് നെറ്റ് വർക്കും സൗജന്യനിരക്കിൽ ലഭ്യമാക്കുക തുടങ്ങിയവയാണ് ആദർശ് മുന്നോട്ടുവെയ്ക്കുന്ന പ്രധാന നിർദ്ദേശങ്ങൾ. ഈരാറ്റുപേട്ട തലനാട് ആരോലിക്കൽ സ്റ്റാലുവിന്റേയും രേഖയുടേയും മകനാണ്.കേരളകൗമുദി സർക്കുലേഷൻ വിഭാഗം കോട്ടയം യൂണിറ്റ് ഉദ്യോഗസ്ഥൻ ലെനിൻമോൻ പിതൃസഹോദരനാണ്.