കോട്ടയം: കൊവിഡ് നിയന്ത്രണം വന്ന് രണ്ടാഴ്ചക്കുള്ളിൽ രണ്ട് ലക്ഷത്തിലേറെ ആളുകൾക്ക് ഭക്ഷണം നൽകി അഭയം ചാരിറ്റബിൾ സൊസൈറ്റി. മെഡിക്കൽ കോളേജിൽ ഒരു ദിവസം 1500 പേർക്ക് ഉച്ചഭക്ഷണത്തിനു പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച 32 സാമൂഹ അടുക്കളകളിലായി ഊണിന് പുറമേ ചപ്പാത്തിയും കറിയുമടക്കം മൂന്നു നേരവും പതിനായിരത്തിന് മുകളിൽ ആളുകൾക്ക് ഭക്ഷണം നൽകുന്നുണ്ട്. വിവിധ മേഖലകളിലുള്ളവരുടെ സഹകരണം ലഭിച്ചതോടെയാണ് സാമൂഹ അടുക്കള 32ൽ എത്തിയത് അന്യ സംസ്ഥാന തൊഴിലാളികൾ, ഹോട്ടൽ അടച്ചതോടെ ഭക്ഷണം ലഭിക്കാത്തവർ, ഡ്യൂട്ടിയിലുള്ള പൊലീസുകാർ, തെരുവിൽ അലയുന്നവർ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവർക്ക് ഭക്ഷണം നൽകുന്നു. ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. കണ്ടെയ്നറിലാണ് വിതരണം. ഇന്നലെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് കോട്ടയത്ത് അഭയത്തിന്റെ സാമൂഹ അടുക്കള സന്ദർശിച്ചു. മെഡിക്കൽ കോളേജിലെ ഭക്ഷണ വിതരണ സ്ഥലത്തും എത്തി സംതൃപ്തി രേഖപ്പെടുത്തി.
സർക്കാരിൽ നിന്ന് ഒരു മണി അരിയോ ഒരു പൈസയോ വാങ്ങാതെയാണ് പ്രവർത്തനമെന്ന് അഭയം രക്ഷാധികാരി വി.എൻ.വാസവൻ പറഞ്ഞു. വ്യാപാരി വ്യവസായികൾ അരി സംഭാവന ചെയ്തു. കർഷകർ പച്ചക്കറിയും നൽകി . റസിഡന്റ്സ് അസോസിയേഷനുകൾ , എൻ.ജി.ഒ, കെ.ജി .ഒ.എ വിവിധ തൊഴിലാളി യൂണിയനുകൾ , അടക്കം വർഗ ബഹുജന സംഘടനകളുടെ സഹായത്താലാണ് പ്രവർത്തനം . ചില സ്ഥലങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹായമുണ്ട്. കൊവിഡ് കാലത്ത് കോട്ടയം ജില്ലയിൽ ആരും പട്ടിണി കിടക്കാത്ത അവസ്ഥ അഭയത്തിന് ഇതിനകം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്നാല് ദിവസത്തെ സാധനങ്ങൾ ഇപ്പോൾ സ്റ്റോക്കുണ്ട് .പ്രാദേശിക തലത്തിൽ വർഗ ബഹുജന സംഘടനകളുടെ സഹായമുള്ളതു കൊണ്ട് കൊവിഡ് രണ്ടാഴ്ച നീട്ടിയതിൽ ആശങ്കയില്ലെന്ന് വാസവൻ പറഞ്ഞു.
രണ്ടാഴ്ചക്കുള്ളിൽ ആയിരക്കണക്കിന് ടൗവൽ, മാസ്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ് , അത്യാവശ്യ മരുന്ന് എന്നിവ ജില്ലയിലുടനീളം വിതരണം ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു .
ജില്ലയിൽ
32
സാമൂഹ
അടുക്കള
സർക്കാരിൽ നിന്ന് ഒരു മണി അരിയോ ഒരു പൈസയോ വാങ്ങാതെ അഭയത്തിന്റെ പ്രവർത്തനം
ഊണിന് പുറമേ ചപ്പാത്തിയും കറിയുമടക്കം മൂന്നു നേരവും പതിനായിരങ്ങൾക്ക് ഭക്ഷണം
അന്യസംസ്ഥാനക്കാർ, പൊലീസുകാർ, തെരുവിൽ അലയുന്നവർ എന്നിവർക്ക് പ്രയോജനം