അടിമാലി:മദ്യലഭ്യത ഇല്ലാതയതോടെ വ്യാജവാറ്റ് വ്യാപകമായി. ചാരായം വാറ്റ് ഒരു ചലഞ്ചായിത്തന്നെ എടുത്ത അവസ്ഥയാണിപ്പോൾ ജില്ലയിലുള്ളത്. ഇക്കാര്യത്തിൽ ഹൈറേഞ്ചെന്നോ ലോറേഞ്ചെന്നോ വ്യത്യാസമില്ല. മാർച്ച് 24 മുതൽ ആരംഭിച്ച ലോക്ക് ഡൗണിനു ശേഷം ജില്ലയിൽ 24 കേസുകളിലായി 5990 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു.34 ലിറ്റർ വ്യാജ മദ്യവും 6 ലിറ്റർ ചാരയവും 11 ലിറ്റർ അരിഷ്ടവും 1.5 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇത് എക്സൈസ് പിടികൂടിയ കണക്ക്

ഏതാണ്ട് ഇത്രയും തന്നെ കോട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ എല്ലാം തന്നെ രഹസ്യ വിവരം ലഭിച്ചതിനേത്തുടർന്നാണ് വ്യാജവാറ്റ് കണ്ടെത്തിയിട്ടുള്ളത്. മദ്യലഭ്യത ഇല്ലാതായതിനെത്തുടർന്ന് ചാരായത്തിന് ആവശ്യക്കാർ ഏറിയത് മുതലാക്കി നിലവിലുണ്ടായിരുന്നതിന്റെ പലമടങ്ങ് വിലയ്ക്ക് ചാരായം വിൽക്കാനുള്ള അമിതാവേശമാണ് പലരെയും കുടുക്കിയത്. സ്വകാര്യമായി വാറ്റി സ്വയം കഴിക്കുന്നവരും അത്യാവശ്യം സുഹൃത്തുക്കൾക്കും നൽകുന്നവരും കുറവല്ലെന്നാണ് എക്സൈസിന് ലഭിക്കുന്ന സൂചനകൾ. പട്ടാള ക്വാട്ടയിൽ ലഭിക്കുന്ന വിദേശ മദ്യവും കാന്റീൻ അടച്ചതോടെ ലഭ്യമല്ലാതായതോടെ മദ്യം നിർബന്ധമുള്ളവർക്ക് വാറ്റുകാർ മാത്രമായി ആശ്രയം. മുൻകാല വാറ്റുകാരും ഇതോടെ രംഗത്തെത്തുകയായിരുന്നു.