കോട്ടയം: ഈസ്റ്റർ ആഘോഷിക്കാൻ ഇന്നലെ പുലർച്ചെ മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് നാട്ടുകാർ റോഡിലിറങ്ങി. ഏറ്റുമാനൂരിലും മണർകാട്ടും നാട്ടകത്തും പാക്കിലും പാലായിലും മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പാമ്പാടിയിലും ഇറച്ചിവാങ്ങാൻ ആളുകൾ കൂട്ടം കൂടി. പല സ്ഥലത്തും പൊലീസ് എത്തിയാണ് ആളുകളെ നിയന്ത്രിച്ചു നിർത്തിയത്. തമിഴ്‌നാട്ടിൽ നിന്നുള്ളചീഞ്ഞമീനുകൾ ടൺ കണക്കിന് പിടിച്ചെടുത്തിട്ടും മീൻ വാങ്ങാനും ആളുകൾ തടിച്ചു കൂടി.

ലോക്ക് ‌ഡൗൺ ശക്തമായി തുടരുമ്പോഴാണ് ഈസ്റ്റ്ർ ആഘോഷിക്കാനായി ആളുകൾ കൂട്ടത്തോടെ വീട്ടിൽ നിന്നു പുറത്തിറങ്ങിയത്. നിയന്ത്രണങ്ങൾ ലംഘിച്ച് എത്തിയവരെക്കൊണ്ട് ഏറ്റുമാനൂർ മാർക്കറ്റ് നിറഞ്ഞു. ഇവിടെ ക്യൂ വഴിയിലേയ്‌ക്ക് നീണ്ടതോടെ എ.ആർ ക്യാമ്പിൽ നിന്ന് പൊലീസുകാരെ ഇറക്കിയാണ് തിരക്ക് നിയന്ത്രിച്ചത്. നാട്ടകത്തും പാമ്പാടിയിലും അടക്കം തിരക്ക് ക്രമാതീതമായി. ഉച്ചയോടെ മാർക്കറ്റിലെ മീനും ഇറച്ചിയും തീർന്നു. എന്നിട്ടും ആളുകൾ നഗരത്തിൽ പരക്കം പാഞ്ഞു .

വീണ്ടും പഴകിയ മീൻ പിടികൂടി

ഏറ്റുമാനൂർ, കുമരകം, കൈപ്പുഴ, നീണ്ടൂർ, ഇല്ലിക്കൽ എന്നിവിടങ്ങളിൽ നിന്ന് അടക്കം ജില്ലയിൽ ഇന്നലെയും പഴകിയ മീനുകൾ പിടികൂടി. മണിമല ബസ് സ്റ്റാൻഡിനു സമീപമുള്ള മൂന്നു കടകളിൽ നിന്ന് മാസങ്ങൾ പഴക്കമുള്ള കേര ഉൾപ്പെടെയുള്ളവ ആരോഗ്യ വകുപ്പ് കണ്ടെത്തി . കുമരകത്തു നിന്നും ഇല്ലിക്കലിൽ നിന്നും പഴയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. ഏറ്റുമാനൂർ, കൈപ്പുഴ, നീണ്ടൂർ എന്നിവിടങ്ങളിലെ റീട്ടെയിൽ മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ പുലർച്ചെ കോട്ടയം തഹസിൽദാർ പി.ജി. രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവിടങ്ങളിൽ നിന്ന് പഴകിയ 50 കിലോ മോത, മത്തി തുടങ്ങിയ പിടിച്ചെടുത്തു. ഫുഡ്സേഫ്റ്റി ഓഫീസർ തെരേസിലിൻ ലൂയിസ്, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

പരിശോധന അയഞ്ഞു

ലോക്ക് ഡൗൺ അവസാനിക്കുകയാണെന്ന കരുതലിൽ പൊലീസ് അയഞ്ഞതോടെ നിരത്തുകളിൽ വാഹനങ്ങൾ നിറഞ്ഞു. കോട്ടയം നഗരത്തിൽ പരിശോധന ശക്തമാണെങ്കിലും ഗ്രാമീണ മേഖലകളിൽ കാര്യമായ പരിശോധന ഉണ്ടായില്ല. പുതുപ്പള്ളി, പാറമ്പുഴ അടക്കമുള്ള സ്ഥലങ്ങളിൽ വാഹനങ്ങളും ആളുകളും സജീവമായി.