കോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവം കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഇല്ലാതെ അകത്തെ ചടങ്ങുകൾ മാത്രമായി നടത്തും. നാളെ രാവിലെയാണ് കൊടിയേറ്റ്. ആനയോട്ടത്തോടെയാണ് ഉത്സവത്തിന് സാധാരണ തുടക്കം . ഈ വർഷം ആനയോട്ടം,ആന എഴുന്നള്ളിപ്പ് എന്നിവ ഒഴിവാക്കി. നാലു ഗോപുരങ്ങളും അടച്ചിടുന്നതിനാൽ ഭക്തജനങ്ങൾക്ക് ക്ഷേത്ര മതിൽക്കകത്ത് പ്രവേശനമില്ല.

ആചാരപ്രകാരമുള്ള വിളക്കെടുപ്പ് ഒഴിവാക്കാൻ കഴിയാത്തതിനാൽ തന്ത്രി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി യുടെ നിർദ്ദേശ പ്രകാരം 70 കുട്ടികളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരുവാർപ്പ് ചെപ്പന്നൂർ ചിന്മയി മേനോൻ , കിളിരൂർ താമരശേരിൽ ഗൗരി മേനോൻ എന്നിവരെ തെരഞ്ഞെടുത്തു. ഇവരായിരിക്കും ക്ഷേത്ര മതിൽകെട്ടിനുള്ളിൽ വിളക്കെടുക്കുക. പ്രധാന ഉത്സവമായ അഞ്ചാം പുറപ്പാട് അടക്കം നാലു ദേശങ്ങളിലേക്കുള്ള പുറപ്പാടും ഈ വർഷം ഒഴിവാക്കി.