വൈക്കം: ലോക്ക് ഡൗൺ നിലനിൽക്കുമ്പോഴും വൈക്കം നഗരത്തിലെ ചില കടകളിലും കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റിലും വിലക്കുകൾ ലംഘിച്ച് ജനം കൂട്ടം കൂടുന്നത് അധികൃതർക്ക് തലവേദനയായി. ദിവസങ്ങളോളം അടച്ചിട്ട കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റ് കഴിഞ്ഞ ദിവസമാണ് തുറന്നത്. മത്സ്യം വന്നു തുടങ്ങിയതോടെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ മറന്ന് മാർക്കറ്റിലേയ്ക്ക് ജനം പ്രവഹിക്കുകയായിരുന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്ര,ഗോവ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടേയ്ക്ക് മൽസ്യവുമായി വാഹനങ്ങളെത്തുന്നുണ്ട്. വൈക്കം വലിയ കവലയിലെ പച്ചക്കറി കടയിലും മറ്റു ചില വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകലം പാലിക്കാതെയാണ് ആളുകൾ കൂട്ടം കൂടുന്നത്. ഉദയനാപുരം നാനാടം ചന്തയിൽ ഇന്നലെ രാവിലെ ഇറച്ചി വാങ്ങാനെത്തിയവരുടെ തിരക്ക് വർധിച്ചതോടെ പൊലീസെത്തി ജനത്തെ വരിയായി നിർത്തി സാമൂഹ്യ അകലം ഉറപ്പാക്കിയാണ് വ്യാപാരം തുടർന്നത്. വൈക്കം മുറിഞ്ഞപുഴ ഫിഷ് ലാന്റിംഗ് സെന്ററിൽ മൽസ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് അധികൃതർ ചന്തയുടെ പ്രവർത്തനം നിർത്തിവയ്പിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും ചന്തകളിലും ആൾക്കൂട്ടമെത്തുന്നത് വലിയ ഗൗരവത്തോടെയാണ് കാണുന്നതെന്നും നടപടി കർശനമാക്കുമെന്നും വൈക്കം തഹസിൽദാർ എസ്.ശ്രീജിത്ത്, സിഐ എസ്.പ്രദീപ് എന്നിവർ പറഞ്ഞു.