കോട്ടയം: കൊവിഡ് കാലത്ത് കല്യാണങ്ങൾ മുടങ്ങിയതോടെ ഫോട്ടോഗ്രാഫർമാർ കടുത്ത പ്രതിസന്ധിയിൽ. ലക്ഷങ്ങൾ മുടക്കി അത്യാധുനികമായ ഉപകരണങ്ങൾ വാങ്ങി വിവാഹ സീസണുവേണ്ടി കാത്തിരുന്നവരാണ് കഷ്ടത്തിലായത്. ഏപ്രിൽ - മെയ് മാസങ്ങളാണ് കേരളത്തിൽ കല്യാണ സീസൺ. കഴിഞ്ഞ മാസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രതീക്ഷ നഷ്ടപ്പെട്ടു.
അഞ്ചു ലക്ഷം രൂപ വരെ മുടക്കിയാണ് ഇവരിൽ പലരും ക്യാമറയും മറ്റ് ഉപകരണങ്ങളും വാങ്ങിയിരിക്കുന്നത്. ഈ രണ്ടു മാസത്തിനിടെ പത്തു വിവാഹങ്ങളെങ്കിലും പലരും പ്രതീക്ഷിച്ചിരുന്നു. വിവാഹത്തിന്റെ ആർഭാടം വർദ്ധിക്കുന്നത് അനുസരിച്ച് അയ്യായിരം മുതൽ അൻപതിനായിരം രൂപ വരെ ഇവർക്കു ലാഭം കിട്ടുമായിരുന്നു. എന്നാൽ, കൊവിഡ് എത്തിയതോടെ പലരും വിവാഹം മാറ്റി വച്ചു. നടത്താൻ തീരുമാനിച്ചവരാകട്ടെ ആർഭാടം പരമാവധി കുറച്ച് വീട്ടുകാരെ മാത്രം പങ്കെടുപ്പിച്ചാണ് നടത്തുന്നത്. ഇതോടെ ഫോട്ടോഗ്രാഫർ അവശ്യവസ്‌തു അല്ലാതെയായി. നിയന്ത്രണങ്ങൾ പൂർണമായി നീക്കുമ്പോഴേയ്‌ക്കും വിവാഹ സീസണും കഴിയും.
പ്രതിസന്ധിക്കാലം
വിവാഹ ഫോട്ടോഗ്രാഫർമാരെ കാത്തിരിക്കുന്നത് പ്രതിസന്ധിക്കാലമാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ വലിയ ദുരന്തമാവും സംഭവിക്കുക
-സബിൻ ബാബു, ഫോട്ടോഗ്രാഫർ