പൊന്‍കുന്നം: കൊവിഡ് വൈറസിനെ ആസ്പദമാക്കി ചുമര്‍ചിത്രമൊരുക്കി പ്ലസ്ടു വിദ്യാർത്ഥി. കുന്നുംഭാഗം കുന്നില്‍ വീടിന്റെ ഔട്ട്ഹൗസിന്റെ ചുമരുകളിലാണ് മനോഹര ചിത്രങ്ങൾ. കുന്നിൽ വീട്ടിലെ വർക്കിച്ചൻ-ബീന ദമ്പതികളുടെ രണ്ടാമത്തെ മകൻ മാത്യു ജോർജാണ് ചിത്രകാരൻ. ആനക്കല്ല് സെന്റ് ആന്റണീസ് സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.
മാത്യുവിന്റെ ചുമർചിത്രത്തിൽ കൊവിഡ് വ്യാപനത്തിന്റെ ഭീകരതയ്ക്കും പ്രത്യേക സ്ഥാനമുണ്ട്. മാത്യുവിന്റെ മാതാവ് ബീനയും, സഹോദരന്‍ തോമസും ചിത്രം വരയ്ക്കും ഈ പാരമ്പര്യം മാത്രമാണ് മാത്യുവിന്റെ വരകൾക്കുള്ള കരുത്ത്. ഡ്യൂഡല്‍ സ്റ്റൈലിലാണ് മാത്യു വരയ്ക്കുന്ന ചിത്രങ്ങൾ ഏറെയും. നന്നേ ചെറുപ്പത്തിൽ തന്നേ ചിത്രകലയോടുള്ള ഇഷ്ടം തോന്നി വരച്ച് തുടങ്ങിയതാണ് മാത്യു. സി.ഡി. മാർക്കർ, പെൻസിൽ, കളർ പെൻസിലുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് വര പൂർത്തിയാക്കിയത്. സഹോദരി ആഗ്‌നസും ചിത്രരചനയിൽ തത്പരയാണ്.